രാത്രിയോട്ടത്തിന് വന്ദേഭാരത് സ്ലീപ്പർ; പരീക്ഷണ വേഗം 180 കിലോമീറ്റർ, ആദ്യ മാതൃക പുറത്തിറക്കി
Mail This Article
ബെംഗളൂരു∙ രാത്രി സർവീസിനു യോജ്യമായ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ മാതൃക ബെംഗളൂരുവിലെ ബിഇഎംഎൽ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്) ഫാക്ടറിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി. 10 ദിവസത്തിനകം ട്രെയിൻ ട്രാക്കിലിറക്കി പരീക്ഷണം നടത്താനായി വിവിധ പരിശോധനകൾക്കു വിധേയമാക്കും. തുടർന്ന് 3 മാസത്തിനുള്ളിൽ സർവീസ് ആരംഭിക്കുമെന്ന് സ്ലീപ്പർ കോച്ചുകൾക്കുള്ളിൽ കയറി വിവിധ സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. 11എസി ത്രീ ടയർ, 4 എസി ടു ടയർ, 1 ഫസ്റ്റ് ക്ലാസ് എസി എന്നിങ്ങനെ 16 കോച്ചുകളിലായി 823 ബെർത്തുകളാണ് ട്രെയിനിലുള്ളത്.
ചരിത്രപ്രധാന നിമിഷമാണിതെന്നും ലോകോത്തര നിലവാരത്തിലുള്ള യാത്രാനുഭവം ട്രെയിൻ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബിഇഎംഎല്ലിന്റെ 9.2 ഏക്കറിലായുള്ള ഹാങ്ങർ സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ, റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സതീഷ് കുമാർ, ബിഇഎംഎൽ സിഎംഡി ശന്തനു റോയ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
റീഡിങ് ലൈറ്റ്, മൊബൈൽ ഫോൺ റാക്ക്
മണിക്കൂറിൽ ശരാശരി 160 കിലോമീറ്റർ വേഗത്തിൽ ഓടിക്കാനാകുന്ന ട്രെയിനിലുള്ളത് അത്യാധുനിക സംവിധാനങ്ങൾ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിച്ചാണ് പരീക്ഷണം നടത്തുന്നത്.
∙ ബെർത്തുകളിൽ റീഡിങ് ലൈറ്റ്, മൊബൈലും മാഗസിനും വയ്ക്കാനുള്ള റാക്കുകൾ, ആഹാരം കഴിക്കാൻ സ്നാക് ടേബിൾ.
∙ കരുത്തുറ്റ സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമിച്ച കോച്ചുകൾ. അപകടസാഹചര്യങ്ങളിൽ കോച്ചുകൾ കൂട്ടിയിടിക്കാതിരിക്കാൻ ‘കവച്’ സംവിധാനം.
∙ ഭിന്നശേഷിക്കാർക്കായി പ്രത്യേക ശുചിമുറികളും ബെർത്തുകളും.
∙ സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് ഡോറുകൾ.
∙ ദുർഗന്ധ രഹിത ശുചിമുറി, ലഗേജ് സൂക്ഷിക്കാൻ വിശാലമായ സൗകര്യം.
∙ ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്മെന്റ് പോളിമർ (ജിഎഫ്ആർപി) പാനലുകൾ ഉപയോഗിച്ചുള്ള ഇന്റീരിയർ.
∙ ഫസ്റ്റ് എസിയിൽ കുളിക്കാൻ ചൂടുവെള്ള സംവിധാനം.
ഇഴഞ്ഞു നീങ്ങരുത് കെറൈഡ് സാങ്കേതികമായി ശക്തിപ്പെടണം: അശ്വിനി വൈഷ്ണവ്
ബെംഗളൂരു∙ സബേർബൻ റെയിൽ പദ്ധതി നടപ്പിലാക്കാൻ നിർമാണ ചുമതലയുള്ള കെറൈഡ് സാങ്കേതികമായി കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഏറെ സങ്കീർണതകൾ നിറഞ്ഞ പദ്ധതിയാണിത്. നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ ആഴ്ചകൾക്കുള്ളിൽ ബെംഗളൂരുവിലെത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്നു പറഞ്ഞ വ്യവസായമന്ത്രി എം.ബി.പാട്ടീൽ കെറൈഡ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചിരുന്നു.
148 കിലോമീറ്റർ പദ്ധതിയിലെ ആദ്യ ഘട്ടത്തിലെ ബയ്യപ്പനഹള്ളി–ചിക്കബാനവാര പാതയുടെ നിർമാണം ഇതുവരെ 28% മാത്രമാണു പൂർത്തിയായത്. 25.57 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ യശ്വന്ത്പുര മുതൽ ചിക്കബാനവാര വരെയുള്ള 7 കിലോമീറ്റർ അടുത്ത വർഷം പൂർത്തിയാകുമെന്നാണ് പ്രഖ്യാപനം.