ഓണം: മലയാളികൾക്കായി പൂക്കള, പായസ മത്സരം സംഘടിപ്പിക്കുന്നു
Mail This Article
ബെംഗളുരു∙ ബെംഗളുരു മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാള മനോരമ, ജോസ് ആലുക്കാസ്, ബെംഗളുരു റോട്ടറി ഡിസ്ട്രിക്ട് 3191 എന്നിവയുമായി ചേർന്ന് സെപ്റ്റംബർ 21ന് പൂക്കള, പായസ മത്സരം സംഘടിപ്പിക്കുന്നു. ബെംഗളുരുവിലെ കോറമംഗല ക്ലബിൽ രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും. 3 മണിക്കൂർ ആണ് മത്സര സമയം.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 20,000 രൂപ, മൂന്നാം സ്‌ഥാനം 15,000 രൂപ എന്നിങ്ങനെ ലഭിക്കും. മത്സരത്തിന് ഒരു ടീമിൽ 5 പേരിൽ കൂടുതൽ പാടില്ല. പൂക്കളത്തിന്റെ വലിപ്പം 5*5 ചതുരശ്ര അടിയിൽ കൂടാൻ പാടില്ല. പൂക്കൾ മത്സരാര്‍ഥികൾ കൊണ്ടുവരണം. പൂക്കളത്തിന്റെ തനിമ, ഡിസൈനിന്റെ ഭംഗി, കളത്തിന്റെ വൃത്തി, വർണങ്ങളുടെ പൊരുത്തം, ആശയത്തിലെ പുതുമ എന്നിവ അടിസ്‌ഥാനമാക്കിയാകും വിധിനിർണയം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം.
പായസ മത്സരത്തിന് ഒന്നാം സമ്മാനമായി 7500 രൂപ, രണ്ടാം സമ്മാനം 6000 രൂപ, മൂന്നാം സമ്മാനം 5000 രൂപ എന്നിങ്ങനെ ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന, 18 വയസ്സിന് മുകളിൽ പ്രായം ഉള്ള 40 പേർക്കാണ് പങ്കെടുക്കാൻ അവസരം. പായസം വീട്ടിൽ നിന്ന് പാചകം ചെയ്തു കൊണ്ടുവരണം. പൂക്കള, പായസ മത്സര റജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 9072599995, 7337721313 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.