ഇരുചക്രവാഹന മോഷണം വാഹന നിർമാതാക്കൾക്ക് പൊലീസ് നിർദേശം; വേണം ജിപിഎസ് പൂട്ട്
Mail This Article
ബെംഗളൂരു∙ നഗരത്തിൽ ഇരുചക്രവാഹന മോഷണം വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ ആധുനിക ജിപിഎസ് സംവിധാനം ഘടിപ്പിച്ച് സുരക്ഷ ഉറപ്പാക്കാൻ നിർമാതാക്കൾക്കു പൊലീസ് നിർദേശം നൽകി. പ്രതിദിനം ശരാശരി 16 വാഹനങ്ങൾ കളവു പോകുന്നതായി കണക്കുകൾ പുറത്തുവന്നതിനു പിന്നാലെയാണിത്. ഇതു സംബന്ധിച്ചു കമ്പനികൾക്കു കൃത്യമായ നിർദേശം നൽകിയതായി സിറ്റി പൊലീസ് കമ്മിഷണർ ബി. ദയാനന്ദ് അറിയിച്ചു. ഉടമകളും ശ്രദ്ധ പുലർത്തണം. വീൽ ലോക്കിങ് സംവിധാനവും ഉയർന്ന ഗുണമേന്മയുള്ള ഹാൻഡിൽ ലോക്കുകളും ഉപയോഗിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തിരികെ ലഭിച്ചത് മൂന്നിലൊന്ന് വാഹനങ്ങൾ മാത്രം
കഴിഞ്ഞ 2 വർഷത്തിനിടെ നഗരത്തിൽ 13,628 ഇരുചക്രവാഹന മോഷണ കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ 4420 കേസുകളിൽ മാത്രമാണ് വാഹനങ്ങൾ ഉടമയ്ക്കു തിരികെ ലഭിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ 3263 കേസുകളുണ്ടായി. ഇതിൽ 779 വാഹനങ്ങൾ മാത്രമാണ് വീണ്ടെടുക്കാനായത്. പലപ്പോഴും വാഹനങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കു കടത്തുകയാണ് ചെയ്യുന്നത്.
ജിപിഎസ് സംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇതു കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്നോട്ടു വലിക്കുന്നത്. സിസിടിവി ക്യാമറകൾ ഇല്ലാത്ത ഒറ്റപ്പെട്ട മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും തിരിച്ചടിയാകുന്നു. എല്ലാ വാഹനങ്ങളിലും ജിപിഎസ് സംവിധാനം സ്ഥാപിക്കുന്നത് ഉൾപ്പെടെ ഇതിനു പരിഹാരമാകുമെന്ന് പൊലീസ് നിർദേശിക്കുന്നു. മോഷണം നടന്നാൽ മുന്നറിയിപ്പ് അലാം പുറപ്പെടുവിക്കുകയും ഉടമയ്ക്കു മൊബൈലിലൂടെ സന്ദേശം ലഭിക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു.
മൊബൈൽ ഫോൺ മോഷണവും കൂടുന്നു
മൊബൈൽ ഫോൺ മോഷണ കേസുകളും വർധിക്കുന്നുണ്ട്. കഴിഞ്ഞ മാസം നഗരവ്യാപകമായി നടത്തിയ തിരച്ചിലിൽ 15 ലക്ഷം രൂപ വിലയുള്ള 70 മൊബൈൽ ഫോണുകൾ പൊലീസ് വീണ്ടെടുത്തിരുന്നു. ഒട്ടേറെപ്പേർ അറസ്റ്റിലായി. കാൽനടയാത്രക്കാരിൽ നിന്ന് ഫോണുകൾ മോഷ്ടിക്കുന്നത് പതിവാണ്. രാത്രി വൈകിയും പുലർച്ചെയുമാണ് മോഷണങ്ങൾ അധികവും. തിരക്കേറിയ ബസുകളിലും മോഷണം പതിവാണ്. തിരികെ ലഭിക്കില്ലെന്ന ധാരണയിൽ പലരും പരാതി നൽകാൻ തയാറാകാത്തതും മോഷണം വർധിക്കാൻ ഇടയാക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.