കെങ്കേരിയിലെ ബോർഡിങ് പോയിന്റ്: സ്റ്റോപ് മാറ്റണമെന്ന് യാത്രക്കാർ; പരിഗണിക്കാതെ കേരള ആർടിസി
Mail This Article
ബെംഗളൂരു∙ കെങ്കേരി മെട്രോ സ്റ്റേഷന് സമീപം ബോർഡിങ് പോയിന്റ് അനുവദിക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്കുമായി കേരള ആർടിസി. നിലവിൽ കെങ്കേരി പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബോർഡിങ് പോയിന്റ് കെങ്കേരി ബിഎംടിസി ബസ് ടെർമിനലിന് മുന്നിൽ അനുവദിച്ചാൽ നഗരത്തിന്റെ 4 മേഖലകളിൽ നിന്നുള്ളവർക്ക് വേഗത്തിൽ എത്താൻ സാധിക്കും. കെങ്കേരിയിലെ ബോർഡിങ് പോയിന്റുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി മലയാളി കൂട്ടായ്മകൾ മാസങ്ങൾക്ക് മുൻപ് കേരള ആർടിസി അധികൃതരെ സമീപിച്ചിരുന്നു. തുടർന്ന് ബെംഗളൂരുവിലെ കൺട്രോളിങ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി റിപ്പോർട്ട് തിരുവനന്തപുരത്തെ സെൻട്രൽ ഓഫിസിലേക്ക് കൈമാറി. എന്നാൽ ഇതിൽ നടപടി വൈകുകയാണ്.
കൂടുതൽ സമയം നിർത്തിയിടാൻ
കഴിയില്ലെന്ന് കേരള ആർടിസി
കെങ്കേരി ടെർമിനലിനു മുന്നിൽ ബസുകൾക്കു കൂടുതൽ സമയം നിർത്തിയിടാൻ കഴിയില്ലെന്ന വാദമാണു കേരള ആർടിസി ഉന്നയിക്കുന്നത്. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ എത്താൻ വൈകിയാൽ 5 മിനിറ്റ് പോലും ഇവിടെ ബസ് നിർത്താൻ കഴിയില്ല. ട്രാഫിക് പൊലീസ് പിഴ ചുമത്തുകയും ചെയ്യും.