എക്സ്പ്രസ് വേ ഹൊസ്കോട്ടെ– ബേതമംഗല ഇടനാഴി ഈ മാസം: ചെന്നൈ യാത്രാസമയം 2 മണിക്കൂറായി കുറയും
Mail This Article
ബെംഗളൂരു∙ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയുടെ സംസ്ഥാനത്തെ ഇടനാഴി ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). 262 കിലോമീറ്റർ ദൂരം വരുന്ന 6 വരി പാത ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം 2 മണിക്കൂറായി കുറയ്ക്കും. ടോൾ പിരിവ് സംബന്ധിച്ച് നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടയിൽനിന്ന് തുടങ്ങുന്ന എക്സ്പ്രസ് വേ ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ശ്രീപെരുമ്പത്തൂർ എന്നിവിടങ്ങളിലൂടെയാണു കടന്നുപോകുന്നത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇടനാഴികളുടെ നിർമാണം അടുത്ത വർഷം പൂർത്തിയാകും.
തുറക്കുന്നത് ഹൊസ്കോട്ടെ മുതൽ ബേതമംഗല വരെ
ഹൊസ്കോട്ടെ മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ ദൂരത്തെ നിർമാണം അവസാനഘട്ടത്തിലാണ്. ഹൊസ്കോട്ടെ –മാലൂർ (26.40 കിലോമീറ്റർ), മാലൂർ–ബംഗാർപേട്ട് (27.10 കിലോമീറ്റർ), ബംഗാർപേട്ട്–ബേതമംഗല (17.50 കിലോമീറ്റർ) എന്നീ 3 പാക്കേജുകളിലാണു നിർമാണം പൂർത്തിയാക്കിയത്. 2022ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിർവഹിച്ച എക്സ്പ്രസ് വേയുടെ നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകുമെന്നാണു നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. 16,730 കോടി രൂപ ചെലവ് വരുന്ന എക്സ്പ്രസ് വേയിൽ 71 അടിപ്പാതകൾ, 31 വലിയപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണു നിർമിക്കുന്നത്. 2650 ഏക്കർ ഭൂമിയാണ് നിർമാണത്തിനായി ഏറ്റെടുത്തത്.