സൈബർ തട്ടിപ്പ്: 8 മാസം; നഷ്ടം 1242 കോടി രൂപ
Mail This Article
ബെംഗളൂരു ∙ ഈ വർഷം ആദ്യ 8 മാസങ്ങളിൽ സൈബർ തട്ടിപ്പിലൂടെ നഗരവാസികൾക്കു നഷ്ടമായത് 1242 കോടി രൂപ. 12,356 കേസുകളാണ് ഇക്കാലയളവിൽ റജിസ്റ്റർ ചെയ്തത്. 552 കേസുകൾ മാത്രമാണു തീർപ്പാക്കാനായത്. 1242 കോടി രൂപ തട്ടിപ്പിലൂടെ നഷ്ടമായി. 111.8 കോടി രൂപ മാത്രമാണു തിരിച്ചുപിടിക്കാനായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ തീർപ്പാക്കുന്നതു 15 ശതമാനത്തിൽനിന്നു 4.4% ആയി കുറഞ്ഞു. കേസുകളിലെ മുഖ്യപ്രതികളെ കണ്ടെത്തി തട്ടിപ്പിന്റെ വഴി അടയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി പൊലീസ് അറിയിച്ചു.
ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രതിസന്ധി
മതിയായ ഉദ്യോഗസ്ഥരില്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നതായി ആക്ഷേപം ഉയരുന്നു. സൈബർ പൊലീസിൽ 39 ശതമാനത്തോളം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ഒപ്പം സുപ്രധാന കേസുകളിൽ അന്വേഷണത്തിനായി രൂപീകരിക്കുന്ന പ്രത്യേക സംഘങ്ങളിലേക്ക് സൈബർ പൊലീസുകാരെ നിയോഗിക്കുന്നതു പ്രതിസന്ധി രൂക്ഷമാക്കി. ഒഴിവുകൾ നികത്തിയും സൈബർ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചും പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.