വെള്ളത്തിൽ ടാറിട്ട് ബിബിഎംപി; മണിക്കൂറുകൾക്കുള്ളിൽ തകർന്നു: പെരുമഴയത്ത് കുഴി അടയ്ക്കൽ
Mail This Article
ബെംഗളൂരു ∙ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പെരുമഴയത്ത് ബിബിഎംപിയുടെ കുഴിയടപ്പ് പ്രഹസനം. പലയിടത്തും വെള്ളം കെട്ടിനിൽക്കുന്ന കുഴികളിൽ നടത്തിയ ടാറിങ് മണിക്കൂറുകൾക്കുള്ളിൽ തന്നെ തകർന്നു. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സമയപരിധി നിശ്ചയിച്ചതോടെ പൊടുന്നനെ അടച്ച കുഴികൾ ഉൾപ്പെടെ കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരുന്നു. ഇതോടെ, നഗരറോഡുകളിലെ യാത്ര ദുരിതപൂർണമായി.
വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ പ്രധാന റോഡുകളിലെ കോൺക്രീറ്റ് നടപ്പാതകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അതേസമയം, റോഡുകൾ കോൺക്രീറ്റ് ചെയ്യുന്ന (വൈറ്റ് ടോപ്പിങ്) പ്രവൃത്തികൾ മഴയെ തുടർന്ന് നിർത്തിവച്ചിരുന്നു.
പരിഹാരമില്ലെങ്കിൽ നഗരം വിടാൻ ഐടി കമ്പനികൾ
മഴക്കെടുതിയെ തുടർന്നുള്ള യാത്രാദുരിതം പോലുള്ള പ്രശ്നങ്ങൾ ഐടി കമ്പനികളും ശക്തമായി ഉന്നയിച്ചതോടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അധ്യക്ഷതയിൽ വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കാൻ തീരുമാനിച്ചു. ഐടിബിടി മന്ത്രി, സയൻസ് ആൻഡ് ടെക്നോളജി വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, ബിബിഎംപി ചീഫ് കമ്മിഷണർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർ സമിതിയിലുണ്ട്.
തുടർച്ചയായ വെള്ളം കയറുന്ന ഇടങ്ങൾ കഴിഞ്ഞദിവസം ശിവകുമാർ സന്ദർശിച്ചിരുന്നു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും കാരണം പല ഐടി കമ്പനികൾ മറ്റു നഗരങ്ങളിലേക്കു പ്രവർത്തനം മാറ്റുന്നതും സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന മഴയിൽ, ടെക്പാർക്കുകൾ ഏറെയുള്ള ഔട്ടർറിങ് റോഡ്, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായിരുന്നു.
നാഗവാര മാന്യത ടെക്പാർക്കിനുള്ളിൽ തുടർച്ചയായി 3 തവണ വെള്ളം കയറിയതോടെ ഓഫിസുകൾ അടച്ചിടേണ്ട സ്ഥിതിയുണ്ടായി. തുടർന്ന്, ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. മഴവെള്ളക്കനാലുകൾ അടയുകയും തടാകങ്ങൾ കരകവിയുകയും ചെയ്തതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ 3 മണിക്കൂറോളം വാഹനങ്ങൾ കുരുക്കിലകപ്പെട്ടതും നഗരയാത്രയുടെ ദുരിതാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം
ബാബുസപാളയയിൽ കെട്ടിടം തകർന്നുവീണു മരിച്ച 8 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 2 ലക്ഷം രൂപ വീതവും മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. കെട്ടിട ഉടമ മുനിരാജു ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചട്ടവിരുദ്ധമായി നിർമാണ അനുമതി നൽകിയ ബിബിഎംപി ഹൊറമാവ് മേഖല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വിനയിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി ഇന്നലെ അപകടസ്ഥലം സന്ദർശിച്ചു.
വെള്ളക്കെട്ടിൽ വീണ് ബാലൻ മരിച്ചു
കാടുഗോഡിയിൽ കെട്ടിടനിർമാണത്തിന്റെ ഭാഗമായെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ വീണു 5 വയസ്സുകാരൻ മരിച്ചു.സുഹാസ് ഗൗഡയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുഴിയിലേക്ക് വീഴുകയായിരുന്നു. കർണാടക മിൽക് ഫെഡറേഷൻ അസോസിയേഷന് വേണ്ടി നിർമിക്കുന്ന കെട്ടിടത്തിന്റെ പരിസരത്താണ് അപകടമുണ്ടായത്.