ADVERTISEMENT

ബെംഗളൂരു ∙ മെട്രോ നിർമാണത്തിന്റെ ഭാഗമായി പല ഓടകളും നികത്തിയതോടെ ഇലക്ട്രോണിക് സിറ്റി മേഖലയിൽ വെള്ളക്കെട്ടൊഴിയാത്ത അവസ്ഥയായി. ആർവി റോഡ്–ബൊമ്മസന്ദ്ര മെട്രോ പാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡുകളിലെ ഓടകൾ നികത്തിയതു സ്ഥിതി രൂക്ഷമാക്കിയെന്നാണ് ബിബിഎംപി പറയുന്നത്.എന്നാൽ, സർവീസ് റോഡിൽ പുതുതായി ഓടകൾ നിർമിച്ചിട്ടുണ്ടെന്നും തടാകങ്ങൾ കരകവിഞ്ഞതാണ് ഇപ്പോൾ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നതെന്നുമാണ് ബിഎംആർസി അധികൃതരുടെ വാദം. 

രണ്ടാഴ്ചയ്ക്കിടെ 4 തവണയാണ് രൂപേന അഗ്രഹാരയ്ക്കും ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനുമിടയിലെ പാതയിൽ വെള്ളം കയറിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാഹനങ്ങൾ 3 മണിക്കൂറോളം കുടുങ്ങുകയും ചെയ്തു.കേരളം, തമിഴ്നാട് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ വാഹനങ്ങളും സംസ്ഥാനാന്തര ബസുകളും കടന്നുപോകുന്ന ഹൊസൂർ റോഡിലും വെള്ളക്കെട്ട് പതിവായി. 

അനധികൃത നിർമാണം നിയന്ത്രിക്കാൻ ചട്ടം ശക്തമാക്കും
അനധികൃത നിർമാണങ്ങൾ നിയന്ത്രിക്കാനുള്ള നിയമം ശക്തമാക്കുന്നതിനായി ഉടൻ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. അടുത്ത മന്ത്രിസഭാ‌യോഗം ഇത് സംബന്ധിച്ച് ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട്, ബിബിഎംപിക്കു പുറമേ ബിഡിഎ, ബിഎംആർഡിഎ എന്നിവയ്ക്കും കൂടുതൽ അധികാരങ്ങൾ നൽകിയേക്കും. കഴിഞ്ഞ ദിവസം ബാബുസപാളയ അഞ്ജനാദ്രി ലേഔട്ടിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ച സംഭവത്തിനു പിന്നാലെയാണ് നിയമഭേദഗതി വരുന്നത്. 2 നിലയ്ക്കുള്ള അനുമതി വാങ്ങിയ ശേഷം 6–10 നിലകൾ വരെ കെട്ടിപ്പൊക്കുന്ന രീതിയും വർധിച്ചിട്ടുണ്ട്.നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളെക്കുറിച്ച് സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ബിബിഎംപി ചീഫ് കമ്മിഷണർക്ക് കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. കൂടാതെ, മഴവെള്ളക്കനാലുകളിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തികളും തുടരുന്നുണ്ട്. 

18 മാസം പിന്നിട്ടു, സർക്കാർ എന്ത് ചെയ്തു?:രൂക്ഷവിമർശനവുമായി മോഹൻദാസ് പൈ 
∙ കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടിൽ ഗതാഗതം താറുമാറാകുന്ന നഗരത്തിന്റെ അടിസ്ഥാനസൗകര്യ രംഗത്തെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഇൻഫോസിസ് മുൻ സിഎഫ്ഒ മോഹൻദാസ് പൈ രംഗത്തുവന്നു. ജിഎസ്ടി വിഹിതം ഉൾപ്പെടെയുള്ള കേന്ദ്ര ഫണ്ടുകൾ കൃത്യമായി ലഭിക്കാതിരുന്നിട്ടും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പ്രകീർത്തിച്ചതിനു മറുപടിയായാണ് പൈ ഇക്കാര്യം എക്സിൽ കുറിച്ചത്. ജനജീവിതം കൂടുതൽ ദുരിതമയമായെന്നും അഴിമതി വർധിച്ചെന്നും പൈ ചൂണ്ടിക്കാട്ടി. 

‘കഴിഞ്ഞയാഴ്ച തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ വിവിധ റോഡുകൾ മുങ്ങിയതിനെ തുടർന്ന് ഐടി രംഗത്തെ ഉൾപ്പെടെ ഒട്ടേറെ ജീവനക്കാർക്ക് ഓഫിസുകളിൽ പോകാനായില്ല. 2 ദിവസം സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ 18 മാസത്തിനിടെ ബെംഗളൂരുവിന്റെ വികസനത്തിനായി സർക്കാർ എന്താണു ചെയ്തത്?’– പൈ ചോദിച്ചു. എന്നാൽ, പൈക്കുള്ള മറുപടിയായി ബെംഗളൂരുവിനു വേണ്ടത്ര ഫണ്ട് കേന്ദ്രം ലഭ്യമാക്കാനായി ശബ്ദമുയർത്തൂവെന്ന് മന്ത്രി ദിനേഷ് ഗുണ്ടുറാവു നിർദേശിച്ചു.

English Summary:

Electronic City in Bengaluru is grappling with recurring waterlogging issues attributed to disruptions caused by the ongoing metro construction. Meanwhile, the tragic collapse of an illegal building in Babusapalaya has prompted the government to take stringent measures against unauthorized constructions, including strengthening the law and granting additional powers to development authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com