നാഗസന്ദ്ര–മാധവാര പാതയിൽ ഇന്നു മുതൽ മെട്രോ ഓടും
Mail This Article
ബെംഗളൂരു∙ നമ്മ മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ ഇന്ന് സർവീസ് ആരംഭിക്കും. റെയിൽവേ അനുമതി ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണിത്. 3.14 കിലോമീറ്റർ പാത യാഥാർഥ്യമാകുന്നതോടെ തുമക്കൂരു റോഡിലെ ഗതാഗത കുരുക്കിനു പരിഹാരമാകും.സർവീസിനു മുന്നോടിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തേജസ്വി സൂര്യ എംപി, ബിഎംആർസി ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്നലെ പാതയിൽ യാത്ര നടത്തി.
സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഇവർ പരിശോധിച്ചു. പാതയും സ്റ്റേഷനും സർവീസിനു സജ്ജമാണെന്ന് ശിവകുമാർ പറഞ്ഞു. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണ് പാതയിലെ സ്റ്റേഷനുകൾ. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായി മാധവാരയിലെ ബാംഗ്ലൂർ രാജ്യാന്തര കൺവൻഷൻ സെന്റർ (ബിഐഎസി) വരെയുള്ള പാതയുടെ നിർമാണം 2017ലാണ് ആരംഭിച്ചത്.
ടിക്കറ്റ് നിരക്ക് കൂട്ടിയേക്കും
അടുത്ത മാസം മുതൽ മെട്രോ ടിക്കറ്റ് നിരക്ക് 20 % വരെ വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പൊതുജനങ്ങളിൽ നിന്നുയർന്ന ശക്തമായ എതിർപ്പ് മറികടന്നാണ് ബിഎംആർസിയുടെ നടപടി.നിലവിൽ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. ഇതു യഥാക്രമം 15 രൂപയും 75 രൂപയുമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.കഴിഞ്ഞ മാസം നിരക്ക് വർധനയിൽ യാത്രക്കാരുടെ അഭിപ്രായം ബിഎംആർസി തേടിയിരുന്നു. എന്നാൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നിർദേശത്തെ എതിർത്തു.
നിർമാണ ചെലവ് ഉൾപ്പെടെ വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ബിഎംആർസി നിരക്ക് വർധിപ്പിക്കുന്നത്. സ്റ്റേഷനുകളിൽ സുരക്ഷ ഉറപ്പാക്കാൻ പ്ലാറ്റ്ഫോമിനെയും ട്രാക്കിനെയും വേർതിരിക്കുന്ന സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ 800 കോടി രൂപ വേണമെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും വാദം ഉയരുന്നു.