ബെംഗളൂരു– എറണാകുളം വന്ദേഭാരത് തിരിച്ചെത്തുമോ? റെയിൽവേ ഉന്നയിക്കുന്നത് വിചിത്ര വാദം
Mail This Article
ബെംഗളൂരു∙ ബെംഗളൂരു– എറണാകുളം വന്ദേഭാരത് സർവീസ് പുനരാരംഭിക്കുന്നതും നടപ്പിലായില്ല. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം വന്ദേഭാരത് സ്പെഷൽ സർവീസ് നടത്തിയത്. ഓണക്കാലത്തേക്ക് നീട്ടണമെന്ന ആവശ്യവും റെയിൽവേ പരിഗണിച്ചില്ല. പകരം യെലഹങ്കയിൽ നിന്ന് എറണാകുളത്തേക്ക് ഗരീബ് രഥ് എക്സ്പ്രസ് അനുവദിച്ചെങ്കിലും ഓണത്തിന് ശേഷം സർവീസ് നിർത്തി. വാരാന്ത്യ അവധി ദിവസങ്ങളിലുൾപ്പെടെ മുഴുവൻ സീറ്റുകളും നിറഞ്ഞ് പുറപ്പെട്ടിരുന്ന വന്ദേഭാരതിൽ യാത്രക്കാർ കുറവാണെന്ന വിചിത്ര വാദമാണ് റെയിൽവേ ഉന്നയിക്കുന്നത്.
ശബരിമല സ്പെഷൽ വേണം
ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷൽ ട്രെയിൻ എന്ന ആവശ്യത്തിന് സമർദമേറുന്നു. കഴിഞ്ഞ വർഷം ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിൽ നിന്ന് കോട്ടയം, കൊല്ലം സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരുന്നു. ക്രിസ്മസ്, പുതുവർഷ തിരക്ക് കൂടി കണക്കിലെടുത്ത് ട്രെയിൻ അനുവദിച്ചാൽ കൂടുതൽ പേർക്ക് സൗകര്യപ്രദമാകും.
പാലക്കാട്ടിനോ പഴനിക്കോ?
പഴനിയിലേക്ക് നീട്ടാനുള്ള തമിഴ്നാടിന്റെ സമർദത്തെതുടർന്നാണ് കെഎസ്ആർ ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട് വരെ ഓടിക്കാനുള്ള തീരുമാനം വൈകുന്നത്. ഏപ്രിലിൽ പാലക്കാട് വരെ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പതിവ് സർവീസ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കോയമ്പത്തൂർ –കഞ്ചിക്കോട് റൂട്ടിന് പകരം പൊള്ളാച്ചി വഴിയാണ് പരീക്ഷണ ഓട്ടം നടത്തിയത്.