ADVERTISEMENT

ബെംഗളൂരു∙ വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം യാത്രക്കാർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റെയിൽവേ മാത്രം ഇതു കേട്ട മട്ടില്ല. ശബരിമല, ക്രിസ്മസ് സീസണിനു മുന്നോടിയായി പതിവ് ട്രെയിനുകളിലെ ടിക്കറ്റ് രണ്ടുമാസം മുൻപേ തീർന്നു. ദീപാവലി അവധിക്കു ശേഷം കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളിൽ റിസർവ് ചെയ്തവർക്കു പോലും കയറാൻ കഴിയാതെ വന്നതും യാത്രാക്ലേശത്തിന്റെ നേർകാഴ്ചയായി.

കൂടുതൽ പേർ ട്രെയിനിനെ ആശ്രയിക്കുന്ന തെക്കൻ കേരളത്തിലേക്ക് പ്രതിദിനം 2 ട്രെയിനുകൾ മാത്രമാണുള്ളത്. കോട്ടയം വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസും ആലപ്പുഴ വഴിയുള്ള മൈസൂരു–തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്സ്പ്രസും. മലബാർ മേഖലയിലേക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസും മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസുമാണ് പ്രതിദിന സർവീസുകൾ.

ഇല്ല, വേണ്ടത്ര ട്രെയിനുകൾ; അനങ്ങാതെ അധികൃതർ
∙ വെള്ളിയാഴ്ചകളിൽ വൈകിട്ട് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും ഞായറാഴ്ചകളിൽ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും വാരാന്ത്യ സ്പെഷൽ ട്രെയിൻ അനുവദിച്ചാൽ പതിവു യാത്രക്കാരുടെ ക്ലേശത്തിന് ഒരു പരിധി വരെ പോംവഴിയാകും.
∙ യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് പ്രതിദിനമാക്കുക. നിലവിൽ ബെംഗളൂരുവിൽ നിന്ന് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമാണ് സർവീസ്.
∙ യശ്വന്തപുര–തിരുവനന്തപുരം നോർത്ത് എസി പ്രതിവാര എക്സ്പ്രസ് വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നുള്ള മടക്ക സർവീസ് ഞായറാഴ്ചകളിലുമായി പുനക്രമീകരിക്കുക. നിലവിൽ ബെംഗളൂരുവിൽ നിന്ന് വ്യാഴാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ചകളിലുമാണ് സർവീസ്.
∙ മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റം വേണം. ഉച്ചയ്ക്ക് 12.50ന് മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 2 മണിക്കൂറോളമാണ് ബെംഗളൂരുവിൽ പിടിച്ചിടുന്നത്. ഉച്ചയ്ക്ക് 2ന് ശേഷം മൈസൂരുവിൽ നിന്ന് പുറപ്പെടുന്ന തരത്തിൽ ട്രെയിനിന്റെ സമയം മാറ്റണം.
∙മലബാറിലേക്ക് സേലം വഴിയുള്ള പ്രതിവാര ട്രെയിനായ യശ്വന്തപുര–മംഗളൂരു എക്സ്പ്രസ് ആഴ്ചയിൽ 3 ദിവസമാക്കണം. നിലവിൽ ഞായറാഴ്ചകളിൽ രാത്രി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചയാണ് ട്രെയിൻ മംഗളൂരുവിൽ നിന്ന് മടങ്ങുന്നത്.

English Summary:

Passengers traveling between Bengaluru and Kerala face significant challenges due to insufficient train services, particularly during peak seasons like weekends, Sabarimala, and Christmas. This article highlights the urgent need for increased train frequency, special train services, and revised timings to accommodate the high demand and alleviate commuter woes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com