മെട്രോ: 3.14 കിലോമീറ്റർ പാത കൂടി തുറന്നു; നാഗസന്ദ്ര–മാധവാര 5 മിനിറ്റിലെത്താം
Mail This Article
ബെംഗളൂരു∙ രാജ്യാന്തര, ദേശീയ കൺവൻഷനുകൾക്ക് വേദിയാകുന്ന തുമക്കൂരു റോഡ് മാതവാരയിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ (ബിഐഇസി) നഗരവാസികൾക്ക് ഇനി ഏറെ അകലെയല്ല. കാത്തിരിപ്പിനൊടുവിൽ മെട്രോ നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ സർവീസ് ആരംഭിച്ചു. റെയിൽവേയുടെ അനുമതി ലഭിച്ച് ഒരുമാസം പിന്നിട്ടിട്ടും സർവീസ് ആരംഭിക്കാത്തതിനെ യാത്രക്കാർ ചോദ്യം ചെയ്തതോടെയാണ് ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി പാത തുറന്നത്.ഇന്നലെ രാവിലെ 5ന് ആദ്യ ട്രെയിൻ മാധവാര സ്റ്റേഷനിൽനിന്നു യാത്ര ആരംഭിച്ചു. സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്–നാഗസന്ദ്ര ഗ്രീൻ ലൈനിന്റെ തുടർച്ചയായി മാധവാര ബിഐഎസി വരെയുള്ള പാതയിൽ 3 സ്റ്റേഷനുകളാണുള്ളത്. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാണിവ. പ്രതിദിനം 44,000 പേർക്കു പുതുതായി തുറന്ന പാത പ്രയോജനപ്പെടും.
ഒരു മണിക്കൂർകൊണ്ട് ബിഐഇസി
നഗരവാസികൾക്ക് മജസ്റ്റിക്കിൽ നിന്ന് മെട്രോയിൽ ഒരു മണിക്കൂർ കൊണ്ട് ബിഐഇസിയിലെത്താം. റോഡുമാർഗം ഗതാഗതക്കുരുക്കും താണ്ടി 2 മണിക്കൂറിലധികം വേണം ഈ 17 കിലോമീറ്റർ പോകാൻ. നാഗസന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് റോഡ് മാർഗം അരമണിക്കൂർ വരെ വേണ്ടിയിരുന്നിടത്ത് മെട്രോയിൽ 5 മിനിറ്റ് മതി. തീരദേശ, വടക്കൻ കർണാടക മേഖലകളിൽനിന്നു ബെംഗളൂരുവിലേക്കു വരുന്നവർക്കു മാധവാര സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ നഗരത്തിലെത്താനാകും. ബിഐഇസി മൈതാനത്തു വിപുലമായ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തുമക്കൂരു റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും.
കാർ പാർക്കിങ്ങിൽ വലയും
പാതയിലെ 3 സ്റ്റേഷനുകളിലും ലിഫ്റ്റുകളും എസ്കലേറ്ററുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുദ്ധജലവും ശുചിമുറിയും ഉൾപ്പെടെയുണ്ട്. സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു. എന്നാൽ മാധവാര ഒഴികെയുള്ള സ്റ്റേഷനുകളിൽ കാർ പാർക്കിങ് സൗകര്യമില്ല. മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു സ്റ്റേഷനുകളിൽ ഇരുചക്രവാഹനങ്ങൾക്കു വിപുലമായ പാർക്കിങ് സൗകര്യമുണ്ട്. എന്നാൽ കാർ പാർക്കിങ് സൗകര്യത്തിന്റെ അഭാവം അനധികൃത പാർക്കിങ് വ്യാപകമാകാനും ഗതാഗതക്കുരുക്കിനും കാരണമായേക്കും. നിലവിലെ സ്റ്റേഷനുകളിൽ മതിയായ പാർക്കിങ് സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ സ്റ്റേഷനുകളിലും സമാന പ്രശ്നം തുടരുന്നത്. മഞ്ജുനാഥനഗർ സ്റ്റേഷനിൽ നിന്നു തുമക്കൂരു റോഡ‍് കടക്കാൻ കാൽനട മേൽപാലം നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ചിക്കബിദരക്കല്ലു സ്റ്റേഷനു സമീപം ദേശീയപാത അതോറിറ്റിയുമായി സഹകരിച്ച് അടിപ്പാതയും നിർമിക്കും.
ഫീഡർ ബസ് സർവേ
പുതിയ പാതയിലെ 3 സ്റ്റേഷനുകളിലും ബിഎംടിസി ഫീഡർ സർവീസുകൾ ആരംഭിച്ചിട്ടില്ല. മാധവാര സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കാൻ റൂട്ടുകൾ കണ്ടെത്താൻ സർവേ ആരംഭിച്ചതായി ബിഎംആർസി വ്യക്തമാക്കി. എന്നാൽ മറ്റു സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച നടപടികളില്ല. തുടർയാത്ര ഉറപ്പാക്കാൻ ഓട്ടോ പ്രീപെയ്ഡ് കൗണ്ടറുകളും സ്ഥാപിക്കേണ്ടതുണ്ട്.
നമ്മ മെട്രോ ഇതുവരെ
∙ നിലവിൽ മെട്രോ ഓടുന്നത്– 76.95 കിലോമീറ്റർ.
∙ സ്റ്റേഷനുകൾ– 69.
∙ 33.46 കിലോമീറ്റർ ഗ്രീൻ ലൈനിൽ 31 സ്റ്റേഷനുകൾ.
∙ 43.49 കിലോമീറ്റർ പർപ്പിൾ ലൈനിൽ 38 സ്റ്റേഷനുകൾ.
ഇനിയോടാൻ ഏറെ ദൂരം
∙ 2026നു മുൻപ് 4 പാതകളിലായി 98.26 കിലോമീറ്റർ കൂടി മെട്രോ വ്യാപിക്കും.
∙ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര (18.82 കിലോമീറ്റർ) യെലോ ലൈൻ 2025 ജനുവരിയിൽ ഭാഗികമായി സർവീസ് ആരംഭിക്കും.
∙ കല്ലേന അഗ്രഹാര– നാഗവാര (21.25 കിലോമീറ്റർ) പിങ്ക് ലൈൻ 2026 ജൂണിൽ സർവീസ് ആരംഭിക്കും.
∙സിൽക്ക്ബോർഡ്–കെആർ പുരം (19.75 കിലോമീറ്റർ), കെആർ പുരം–വിമാനത്താവള (38.44 കിലോമീറ്റർ) ബ്ലൂ ലൈൻ 2026 ജൂണിൽ തുറക്കും.
മെട്രോ മൂന്നാം ഘട്ടം; സർജാപുര– ഹെബ്ബാൾ പാത നിർമാണത്തിന് അനുമതി
ബെംഗളൂരു ∙ മെട്രോ മൂന്നാം ഘട്ടത്തിലെ സർജാപുര–ഹെബ്ബാൾ 36.59 കിലോമീറ്റർ പാത നിർമാണത്തിനു സംസ്ഥാന ധനവകുപ്പ് അനുമതി നൽകി. പാതയുടെ ഭാഗമായി ഡബിൾ ഡെക്കർ മേൽപാലം നിർമിക്കുന്നതിൽനിന്നു ബിഎംആർസി പിന്മാറിയതിനെത്തുടർന്നാണു വേഗത്തിൽ അനുമതി ലഭിച്ചത്. നേരത്തേ കേന്ദ്ര നഗര വികസന മന്ത്രാലയം പാതയ്ക്ക് അനുമതി നൽകിയിരുന്നു. 27,000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ വിശദ പദ്ധതി രേഖ അംഗീകാരത്തിനായി ഉടൻ കേന്ദ്രധനമന്ത്രാലയത്തിനു സമർപ്പിക്കും. തുടർന്ന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനു ശേഷമാകും നിർമാണം ആരംഭിക്കാനാകുക. സർജാപുരയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. 11 ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 28 സ്റ്റേഷനുകളുണ്ട്.