ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നു കരുതുന്ന സിൽക്ക് ബോർഡ്– ഹെബ്ബാൾ 18 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) തയാറായി. ആറുവരിപ്പാത നിർമിക്കാൻ 16,500 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മേക്രി സർക്കിൾ, റേസ് കോഴ്സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ പ്രവേശനകവാടം ഒരുക്കും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പൂർത്തിയാക്കി 6 മാസത്തിനകം നിർമാണം ആരംഭിക്കാനാണ് പദ്ധതി. 

തുരങ്ക നിർമാണത്തിനുള്ള യന്ത്രങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യും. 70% സ്വകാര്യ പങ്കാളിത്തതോടെയാണ് റോഡ് നിർമിക്കുക. മുംബൈ ഉൾപ്പെടെയുള്ള മറ്റു നഗരങ്ങളിലെ തുരങ്ക റോഡുകളിൽ നിന്നുള്ള മാതൃകകൾ സ്വീകരിച്ചാണ് ഡിപിആർ തയാറാക്കിയതെന്ന് ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. നഗരറോഡുകളുടെ വീതി ഇനിയും കൂട്ടുന്നത് പ്രായോഗികമല്ലെന്നും അതിനാൽ കുരുക്കഴിക്കാൻ തുരങ്ക റോഡ് തന്നെ നിർമിക്കണമെന്നും ഡിപിആറിൽ പറയുന്നുണ്ട്. എന്നാൽ സ്വകാര്യ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കു പകരം പൊതുഗതാഗത മാർഗങ്ങളിലേക്കും മെട്രോയിലേക്കും യാത്രക്കാരെ ആകർഷിക്കുകയാണ് വേണ്ടതെന്ന മറുവാദവും ഉയരുന്നുണ്ട്.

മെട്രോയെ ബാധിക്കില്ല
നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ സർജാപുര– ഹെബ്ബാൾ പാത നിർമാണത്തെ തുരങ്ക റോഡ് ബാധിക്കില്ലെന്ന് ബിബിഎംപി വ്യക്തമാക്കി. ഇതു സംബന്ധിച്ച് ബിഎംആർസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്. മെട്രോ പാതയ്ക്കു സംസ്ഥാന ധനവകുപ്പ് നേരത്തേ അനുമതി നൽകിയിരുന്നു. 28 സ്റ്റേഷനുകളിൽ 11 എണ്ണവും ഭൂഗർഭ സ്റ്റേഷനുകളാണെതിനാൽ ഇരുപദ്ധതികളും ഒരേ മേഖലയിലൂടെ കടന്നുപോകുന്നത് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാൽ, ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും മേഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇരുപാതകളും വേണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

തിരക്കിട്ടൊരുക്കിയോ?
അതിനിടെ, ഒട്ടേറെ സങ്കീർണതകളുള്ള തുരങ്ക റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയത് തിരക്കിട്ടാണെന്ന് ആരോപണം ഉയരുന്നു. ന്യൂഡൽഹി ആസ്ഥാനമായ റോഡിക് കൺസൽറ്റന്റ്സ് എന്ന കമ്പനിയാണ് 3 മാസം കൊണ്ട് ഡിപിആർ തയാറാക്കിയത്. സാധാരണ 9 മാസമെങ്കിലും ഡിപിആർ തയാറാക്കാൻ വേണ്ടിവരുന്ന സ്ഥാനത്താണിത്. 9.5 കോടി രൂപ കമ്പനിക്കു നൽകിയതിനെതിരെയും ആക്ഷേപമുണ്ട്. മേഖലയിലെ മെട്രോ പാതയുടെ ഡിപിആർ തയാറാക്കാൻ 1.2 കോടി രൂപയാണ് ചെലവായതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary:

To combat persistent traffic congestion, Bengaluru is embarking on an ambitious project: an 18-kilometer, six-lane tunnel road connecting Silk Board and Hebbal. The ₹16,500 crore project aims to provide much-needed relief to commuters and includes entry points at Mekhri Circle, Race Course Road, and Lalbagh.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com