ചെമ്പനീർ പൂക്കളായ് പാട്ടിന്റെ പൂക്കാലം
Mail This Article
ബെംഗളൂരു∙ കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയം പാട്ടിന്റെ കുളിർമഴയിൽ നനഞ്ഞു, സദസ്സിനെ ത്രസിപ്പിച്ച് പ്രിയഗായകർ സംഗീതാർച്ചനയൊരുക്കി. കന്നഡ ചിത്രമായ കാന്താരയിലെ ‘വരാഹരൂപം ദൈവവരിഷ്ടം’ എന്ന പാട്ടുമായി ഗായകൻ അനൂപ് ശങ്കർ വേദിയിൽ നിറഞ്ഞപ്പോൾ പിന്നണിയിലെ എൽഇഡി സ്ക്രീനിൽ ദൈവക്കോലം നിറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച 'ഓർമച്ചെപ്പ്' സംഗീത സന്ധ്യയിൽ സംഗീതപ്രേമികൾ ഭാഷാഭേദമില്ലാതെ ഏറ്റെടുത്ത മലയാളം ,ഹിന്ദി, തമിഴ്, കന്നഡ ഇഷ്ടഗാനങ്ങൾ പെയ്തിറങ്ങി.
പിന്നണി ഗാനരംഗത്ത് 43 വർഷം പിന്നിടുന്ന ജനപ്രിയ ഗായകൻ ഉണ്ണിമേനോൻ 'ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ' പാടിയപ്പോൾ, മലയാളികൾ നെഞ്ചേറ്റിയ ഗാനത്തിന്റെ സ്നേഹസുഗന്ധം പടർന്നു. റോജയിലെ 'പുതുവെള്ളൈ മഴൈ' പിന്നണി ഗായിക ചിത്രാ അരുണിനൊപ്പം ഉണ്ണി മേനോൻ ആലപിച്ചപ്പോൾ സ്ക്രീനിൽ കശ്മീരിന്റെ കുളിർ മഞ്ഞിൽ മധുബാലയുടെ കണ്ണുപൊത്തി അരവിന്ദ് സ്വാമി.
തമിഴും ഹിന്ദിയും വരികൾചേർന്ന ആലാപനം കരഘോഷത്തോടെ സദസ്സ് ഏറ്റെടുത്തു. ‘ചന്ദ്രചൂഡ ശിവശങ്കര പാർവതി’ എന്ന പുരന്ദരദാസ കീർത്തനം അനൂപ് പാടിയതു കേൾക്കാൻ, 'കർമയോഗി' എന്ന ചിത്രത്തിൽ ഇതുൾപ്പെടുത്തിയ സംവിധായകൻ വി.കെ.പ്രകാശും വേദിക്കു മുന്നിലുണ്ടായിരുന്നു. ‘മലരേ മൗനമാ’, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’, ‘ഏ സിന്ദഗീ തേരേ ലഗാ ദേ’, ‘തൊഴുതു മടങ്ങും സന്ധ്യയിലേതോ’ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകരുടെ ഹൃദയം നിറച്ചു. ‘ഓർമയിലൊരു ശിശിരം, ഓമനിക്കാനൊരു ശിശിര’ത്തിനൊപ്പം പ്രേക്ഷകരും താളം പിടിച്ചു.
‘പൂക്കാലം വന്നു പൂക്കാലം’ ചിത്രയും ഉണ്ണി മേനോനും സംവിധായകൻ സിദ്ദിഖിനു സമർപ്പിച്ചു. തുടർന്ന് 'ഒരു കൈതിയിൽ ഡയറി' യിലെ ഇളയരാജ ഗാനം ‘പൊൻമാനേ കോപം ഏനോ’ ആലപിച്ചപ്പോൾ സ്ക്രീനിൽ കമൽ ഹാസനും രേവതിയും ചേർന്നഭിനയിച്ച പ്രണയ രംഗങ്ങൾ. ‘ഇളയ നിലാ പൊഴുകിറതേ...’ ഇളയരാജയുടെ മനോഹര ഗാനവുമായി അനൂപ്. പിന്നാലെ ബാലു മഹേന്ദ്രയ്ക്കു വേണ്ടി ഇളയരാജ ചെയ്ത ‘എൻ ഇനിയ പൂ നിലാവേ’.
കയ്യടിപ്പെരുമഴ
എ.ആർ.റഹ്മാന്റെ സ്നേഹിതനെ സ്നേഹിതനെ... വൈരമുത്തുവിന്റെ വരികൾ പ്രണയത്തിന്റെ വസന്തം വിരിയിച്ച് സദസ്സിനെ ഇളക്കി മറിച്ചു. കണ്ണാളനേ എന്ന ഗാനത്തിനിടെ കീ ബോർഡിസ്റ്റ് സുശാന്ത് വരികൾ ആലപിച്ചപ്പോൾ കയ്യടി ഇടിമുഴക്കം പോലെ. എ.ആർ.റഹ്മാനു വേണ്ടി ഉണ്ണിമേനോൻ പിന്നണി പാടിയ 27 ഗാനങ്ങളിൽ തിരഞ്ഞെടുത്തവ പാടാൻ ആസ്വാദകർക്കിടയിൽ നിന്ന് ആവശ്യമുയർന്നു. ഷാൻ റഹ്മാൻ സംഗീതം ചെയ്ത ഹിറ്റ് ഓണപ്പാട്ട് ‘തിരുവാവണി രാവ് മനസ്സാകെ നിലാവ്’ ഉണ്ണി മേനോനും ചിത്രയും ചേർന്നാലപിച്ചു.
'രതിപുഷ്പം പൂക്കുന്ന യാമ' ത്തിനൊപ്പം പലരും ചുവടുവച്ചു. കന്നഡ സിനിമയുടെ രാജകുമാരൻ പുനീത് രാജ്കുമാറിനായി 'നീവേ രാജകുമാര' എന്ന ഗാനം അനൂപ് പാടി സമർപ്പിച്ചു. കണ്ണാന കണ്ണേ, കണ്ണാന കണ്ണേ വയലിനിൽ ആലപിച്ച് ഹെറൾഡ് ആന്റണി ഇഷ്ടം പിടിച്ചുപറ്റി. 10 അംഗ ലൈവ് ഓർക്കസ്ട്രയാണ് ഓർമച്ചെപ്പിനു പശ്ചാത്തല സംഗീതമൊരുക്കിയത്.
കെ.പി.സുശാന്ത്, കെ.പി.വിനീഷ് (കീബോർഡ്), അഭിജിത്ത് (ഫ്ലൂട്ട്), ഹെറൾഡ് ആന്റണി, (സോളോ വയലിൻ), അഭിജിത്ത് ശ്രീനിവാസൻ (ലീഡ് ഗിറ്റാർ), അതുൽ പ്രഭാകർ (ബാസ് ഗിറ്റാർ), തനൂജ് (ലൈവ് ഡ്രംസ്), അനു കാർത്തിക് (റിഥം പാഡ്), രഞ്ജിത് (പെർക്കഷൻ), ലാലു (തബല) എന്നിവർ പിന്നണിയിൽ അണിനിരന്നു. കെ.ടി.ഫ്രാൻസിസായിരുന്നു സൗണ്ട് എൻജിനീയർ. ശബ്ദം ഒരുക്കിയത് ജിമ്മി മാസ് ക്രിയേഷൻസും. ജീന ഗ്രൂപ്പായിരുന്നു
ഓർമച്ചെപ്പിന്റെ മുഖ്യ പ്രായോജകർ. പവേഡ് ബൈ ടിടികെ പ്രസ്റ്റീജ്. ഇന്റേണി, ജെംസ് ബി സ്കൂൾ, ചേറ്റുപുഴ ആലീസ് ജ്വല്ലറി എന്നിവർ സഹപ്രായോജകരായി. വെള്ളാറ ടൂർസ് ആൻഡ് ട്രാവൽസ് ട്രാവൽ പാർട്ണറും റോയൽ സെറീനിറ്റി ഹോസ്പിറ്റാലിറ്റി പാർട്ണറുമായിരുന്നു. ഓർമച്ചെപ്പിന് എത്തിയ പ്രേക്ഷകർക്ക് ജീന ഗ്രൂപ്പ് സമ്മാനങ്ങളും ഒരുക്കിയിരുന്നു.