ഇനി തകരില്ല: മജസ്റ്റിക് കെംപെഗൗഡ റോഡ് കോൺക്രീറ്റിങ് തുടങ്ങി; 2 മാസത്തിനകം തീരും
Mail This Article
ബെംഗളൂരു∙ കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്കരമായ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിലേക്കുള്ള റോഡുകൾ മുഖം മിനുക്കുന്നു. റോഡുകളുടെ വൈറ്റ്ടോപ്പിങ് പ്രവൃത്തി 2 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ബിബിഎംപി. ധർമഭൂതി ടാങ്ക് റോഡ്, ധന്വന്തരി റോഡ്, ഗുബി തോട്ടദാപ്പ റോഡ് എന്നിവയുടെ വൈറ്റ് ടോപ്പിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
ബസ് ടെർമിനലിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് രാത്രിയാണ് പ്രവൃത്തി. പ്രതിദിനം 7–10 ലക്ഷം പേർ ആശ്രയിക്കുന്ന മജസ്റ്റിക് ടെർമിനലിൽ ടാറിങ് പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊളിയുന്നതാണ് പതിവ്. ബസുകൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡ് കോൺക്രീറ്റിങ് നടത്തിയാൽ പെട്ടെന്ന് തകരുന്നത് പരിഹരിക്കാമെന്ന് ബിബിഎംപി പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ നാലു കവാടങ്ങളുണ്ടെങ്കിലും പുറത്തേക്ക് രണ്ട് കവാടങ്ങൾ മാത്രമാണുള്ളത്. 1980ലാണ് മജസ്റ്റിക് ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങിയത്. 16 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഇവിടെ കർണാടക ആർടിസിയുടെ 3 ടെർമിനലുകളും ബിഎംടിസിയുടെ ഒരു ടെർമിനലുമാണുള്ളത്. കെഎസ്ആർ റെയിൽവേ സ്റ്റേഷൻ, നമ്മ മെട്രോ ഇന്റർചേഞ്ച് സ്റ്റേഷൻ എന്നിവയും ടെർമിനലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
394 കിലോമീറ്റർ റോഡ് നവീകരിക്കാൻ അനുമതി
ബെംഗളൂരു ∙ നഗരത്തിലെ തകർന്ന 394 കിലോമീറ്റർ റോഡ് നവീകരിക്കാനുള്ള പദ്ധതിക്കു സംസ്ഥാന സർക്കാർ അനുമതി നൽകി. നഗര വികസന വകുപ്പ് രൂപം നൽകിയ 694 കോടി രൂപയുടെ പദ്ധതി ബിബിഎംപിയാകും നടപ്പിലാക്കുക. റോഡുകളുടെ അവസ്ഥ തീരെ മോശമായ യെലഹങ്ക, ബൊമ്മനഹള്ളി, ആർആർ നഗർ മണ്ഡലത്തിലാണ് ഇതിൽ 429.5 കോടി രൂപയും ചെലവഴിക്കുക.
ഐടി മേഖലയായ മഹാദേവപുരയിലെ റോഡ് നവീകരണത്തിനു 140 കോടി രൂപയും നീക്കിവച്ചു. ഇതിനു മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ ബിബിഎംപി 11 അംഗ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിലെ വിദഗ്ധർ ഉൾപ്പെട്ട സമിതിയുടെ മേൽനോട്ടത്തിലാകും നവീകരണം നടക്കുക.
സിഎസ്ആർ ഫണ്ട് കിട്ടുന്നില്ല; റോഡ് പരിപാലനം പാളുന്നു
ബെംഗളൂരു∙ കോർപറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ട് (സിഎസ്ആർ) ലഭിക്കാത്തത് നഗര റോഡുകളുടെ പരിപാലനത്തെ ബാധിക്കുന്നു. നഗരത്തിലെ ടെൻഡർ ഷുവർ റോഡുകളുടെ പരിപാലനമാണ് ബിബിഎംപിക്ക് ബാധ്യതയാകുന്നത്. 6 വർഷം മുൻപാണ് വിദേശമാതൃകയിൽ നഗരത്തിലെ 12 റോഡുകൾ ടെൻഡർ ഷുവർ പദ്ധതിയിൽ നവീകരിച്ചത്.
13.41 കിലോമീറ്റർ ദൂരം വരുന്ന റോഡുകളുടെ പരിപാലനത്തിന് 4 കോടി രൂപയാണ് പരിപാലന ചെലവ് വരുന്നത്. പരിപാലനം സംബന്ധിച്ച ബിബിഎംപിയുടെ നിർദേശങ്ങൾ കമ്പനികൾക്ക് സ്വീകാര്യമാകാത്തതാണ് കരാറിന് തടസ്സമാകുന്നത്.വീതിയേറിയ നടപ്പാതകൾ, സൈക്കിൾ ഡോക്കിങ് സ്റ്റേഷനുകൾ, ഇരുവശവും അലങ്കാരച്ചെടികൾ, കേബിളുകളും ശുദ്ധജലപൈപ്പുകളും സ്ഥാപിക്കാൻ പ്രത്യേക ഇടനാഴികൾ എന്നിവയാണ് ടെൻഡർ ഷുവർ റോഡുകളുടെ പ്രത്യേകത.
നെലഗദരനഹള്ളി റോഡ് വികസിപ്പിക്കുന്നു
തുമക്കൂരു– മാഗഡി റോഡുകളെ ബന്ധിപ്പിക്കുന്ന നെലഗദരനഹള്ളി മെയിൻ റോഡ് വീതി കൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. തുമക്കൂരു മെയിൻ റോഡ് മുതൽ ഗംഗാ ഇന്റർനാഷനൽ സ്കൂൾ വരെയുള്ള 2.45 കിലോമീറ്റർ ദൂരമാണ് വീതികൂട്ടുന്നത്. 173 ഉടമകളിൽ നിന്നാണ് 60 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അപ്പാർട്മെന്റ് കോംപ്ലക്സുകളും ഏറെയുള്ള മേഖലയിൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്.