പൊലീസ് സംഘം കണ്ണൂരിൽ: കൊലപാതകം ആസൂത്രിതം; പ്രതി മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം
Mail This Article
ബെംഗളൂരു ∙ അസം സ്വദേശിനി കൊല്ലപ്പെട്ട കേസിൽ പ്രതി ആരവ് ഹനോയിയുടെ കണ്ണൂരിലെ വീട്ടിൽ ബെംഗളൂരു പൊലീസ് തിരച്ചിൽ നടത്തി. കിഴുന്ന കക്കറക്കൽ വീട്ടിലെത്തിയ മൂന്നംഗ പൊലീസ് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. വ്ലോഗർ കൂടിയായ ഗുവാഹത്തി സ്വദേശിനി മായ ഗൊഗോയിയെ (19) ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന ഇരുവരും ശനിയാഴ്ച രാത്രിയാണ് അപ്പാർട്മെന്റിൽ മുറിയെടുത്തത്.
ആരവിന്റെ കൈവശം പ്ലാസ്റ്റിക് കയറും കത്തിയും ഉണ്ടായിരുന്നതിനാൽ കൊലപാതകം ആസൂത്രിതമാണെന്ന് കേസെടുത്ത ഇന്ദിരാനഗർ പൊലീസ് പറഞ്ഞു.കൊലപ്പെടുത്തിയ ശേഷം മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം കഴിഞ്ഞ ആരവ് മുറിയിലേക്കു ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച ശേഷമാണ് കടന്നുകളഞ്ഞത്. മജസ്റ്റിക് റെയിൽവേ സ്റ്റേഷനു സമീപത്ത് കൂടി ഇയാൾ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ആരവ് വിദ്യാഭ്യാസ കൺസൽറ്റൻസി സ്ഥാപനത്തിലും മായ സ്വകാര്യ ഐടി കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്. മായയുടെ കുടുംബാംഗങ്ങളിൽ നിന്നും ആരവിന്റെ സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.