എഐ ക്യാമറകൾ പലയിടങ്ങളിലും കണ്ണടച്ചു; ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ വീണ്ടും അപകടങ്ങൾ
Mail This Article
ബെംഗളൂരു∙ അമിത വേഗവും നിയമലംഘനങ്ങളും പിടികൂടാനുള്ള നിർമിതബുദ്ധി (എഐ) ക്യാമറകൾ പലയിടങ്ങളിലും കണ്ണടച്ചതോടെ ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ വീണ്ടും അപകടങ്ങൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3 അപകടങ്ങളിലായി 5 പേർക്കാണ് ജീവൻ നഷ്ടമായത്. വേഗ പരിധി ലംഘിക്കുന്നതും ലെയ്ൻ തെറ്റിക്കുന്നതുമാണ് ഈ അപകടങ്ങൾക്ക് കാരണം.
118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 60 ഇടങ്ങളിലാണ് നമ്പർ പ്ലേറ്റ് ഉൾപ്പെടെ ദൃശ്യമാകുന്ന ക്യാമറകൾ സ്ഥാപിച്ചത്. പ്രധാന പാതയിലെ 6 വരിയിലൂടെ വരുന്ന വാഹനങ്ങളുടെ വേഗം ഉൾപ്പെടെ ക്യാമറകൾക്ക് മുകളിൽ സ്ഥാപിച്ച എൽഇഡി സ്ക്രീനിൽ തെളിയും. എന്നാൽ പലയിടങ്ങളിലും സ്ക്രീനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ക്യാമറകൾ സ്ഥാപിച്ചതോടെ അപകടങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനായതായി ട്രാഫിക് പൊലീസിന്റെ കണക്കുകൾ പറയുന്നു.
കഴിഞ്ഞ വർഷം 147 അപകടങ്ങളാണ് പാതയിൽ ഉണ്ടായത്. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ 50 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇരുചക്രവാഹനങ്ങൾ, ഓട്ടോകൾ, ട്രാക്ടറുകൾ എന്നിവയ്ക്ക് സർവീസ് റോഡുകളിലൂടെ മാത്രമാണു ഗതാഗതത്തിന് അനുമതിയുള്ളത്. എന്നാൽ വിലക്കു ലംഘിച്ച് പ്രധാന പാതയിലേക്ക് ഇരുചക്രവാഹനങ്ങൾ പ്രവേശിക്കുന്നതും വൺവേ തെറ്റിച്ച് ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു.
മൂടൽമഞ്ഞ് വില്ലനാകുന്നു
ശൈത്യകാലം ആരംഭിച്ചതോടെ മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങളുടെ ദൂരക്കാഴ്ച കുറയുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടത്തിൽപെട്ട് കിടക്കുന്ന വാഹനങ്ങളിലേക്ക് പിന്നാലെ വരുന്ന വാഹനങ്ങൾ ഇടിച്ചുകയറിയും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. മൂടൽ മഞ്ഞുള്ളപ്പോൾ വേഗം കുറച്ചും നിശ്ചിത അകലം ഉറപ്പാക്കിയും വാഹനങ്ങൾ ഓടിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിക്കുന്നു. വഴിയരികിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.