കോൺക്രീറ്റ് മാലിന്യ സംസ്കരണം: 4 പ്ലാന്റുകൾ വരും വഴിയോരത്ത് തള്ളണ്ട
Mail This Article
ബെംഗളൂരു∙ കോൺക്രീറ്റ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ നഗരത്തിൽ 4 പ്ലാന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യഎംഎൽ). പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രതിദിനം 1000 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റുകളാണ് സ്ഥാപിക്കുക. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും തടാകതീരങ്ങളിലും മഴവെള്ളക്കനാലുകളിലും തള്ളുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ചിക്കജാലയിൽ സ്വകാര്യ മേഖലയിൽ 2 കോൺക്രീറ്റ് മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സംസ്കരണ ശേഷിയുടെ പകുതി മാലിന്യം മാത്രമാണ് ലഭിക്കുന്നത്. മാലിന്യം ലോറി മാർഗം ഇവിടെ എത്തിക്കേണ്ടി വരുന്ന ചെലവ് ഓർത്താണ് പലരും വഴിയരികിൽ തള്ളുന്നത്.കെട്ടിട അവശിഷ്ടം പൊതുഇടങ്ങളിൽ തള്ളുന്നവർക്കെതിരെ ബിബിഎംപി പിഴ ചുമത്തുന്നുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യുന്നില്ല. സംസ്കരണ കേന്ദ്രം ആരംഭിക്കാൻ നേരത്തെ നഗരാതിർത്തി മേഖലകളിൽ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും പ്രാദേശിക എതിർപ്പുകളെ തുടർന്ന് തുടർപ്രവർത്തനം നിലച്ചു.
മാലിന്യത്തിൽ നിന്ന് പുതുഉൽപന്നങ്ങൾ
കോൺക്രീറ്റ് മാലിന്യം സംസ്കരിച്ച് ഇന്റർലോക്ക് ബ്ലോക്കുകൾ, ടൈൽസ്, സംരക്ഷണ ഭിത്തികൾ എന്നിവയാണ് കൂടുതലായി നിർമിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുന്നവരിൽ നിന്ന് മാലിന്യം നേരിട്ട് ശേഖരിച്ചാണ് ഇപ്പോൾ സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. റോഡ് നിർമാണത്തിനുൾപ്പെടെ ഇത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങൾ വിജയം കണ്ടിരുന്നെങ്കിലും സർക്കാർ ഏജൻസികൾ ഇത് ഏറ്റെടുത്താൽ മാത്രമേ വാണിജ്യ അടിസ്ഥാനത്തിൽ ഫലപ്രദമാവുകയുള്ളൂ.