നാഗസന്ദ്ര–മാധവാര പാതയോട് മുഖംതിരിച്ച് യാത്രക്കാർ
Mail This Article
ബെംഗളൂരു∙ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം തുറന്ന മെട്രോ നാഗസന്ദ്ര–മാധവാര പാതയിൽ പ്രതീക്ഷിച്ച യാത്രക്കാർ എത്തുന്നില്ലെന്ന് ബിഎംആർസി. പ്രതിദിനം ശരാശരി 44,000 യാത്രക്കാരെ പ്രതീക്ഷിച്ചിടത്ത് എത്തുന്നത് 11,000 പേർ മാത്രം. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും സർവീസ് ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായതോടെ നവംബർ 7ന് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കി പാത തുറക്കുകയായിരുന്നു. നവംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 11303 യാത്രക്കാർ മാത്രമാണു പാത പ്രയോജനപ്പെടുത്തിയത്. പാതയിലെ 3 സ്റ്റേഷനുകളിൽ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിനു (ബിഐഇസി) സമീപമുള്ള മാധവാരയിലാണു കൂടുതൽ യാത്രക്കാരെത്തിയത്. 6642 പേർ. ചിക്കബിദരക്കല്ലുവിൽ 3649, മഞ്ജുനാഥ നഗറിൽ 1011 എന്നിങ്ങനെ യാത്രക്കാർ എത്തി.
പ്രതീക്ഷ വിടാതെ ബിഎംആർസി
മെട്രോയുടെ ആകെയുള്ള വളർച്ചയ്ക്കു പാത സഹായിച്ചെന്നു ബിഎംആർസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നവംബർ മാസത്തിലെ അവസാന 2 ആഴ്ചകളിൽ എട്ടര ലക്ഷത്തിലേറെ യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തു. ആദ്യ ദിവസങ്ങളായതിനാലാണു യാത്രക്കാരുടെ എണ്ണം കുറഞ്ഞതെന്നും ബിഎംആർസി ലക്ഷ്യമിട്ട കണക്കിലേക്ക് പാത വൈകാതെ എത്തിച്ചേരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ബിഐഇസിയിൽ ഈ മാസം കൂടുതൽ പ്രദർശനങ്ങളുണ്ടെന്നും ഇതു യാത്രക്കാരുടെ എണ്ണം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ, മഞ്ജുനാഥ നഗർ, ചിക്കബിദരക്കല്ലു സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. സ്റ്റേഷനുകളിൽ നിന്ന് ബിഎംടിസി ഫീഡർ സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.