ഇടപെടലുമായി നഗരവികസന മന്ത്രാലയം; മെട്രോ നിർമാണത്തിന് വേഗം കൂട്ടാൻ ഉന്നതാധികാരസമതി
Mail This Article
ബെംഗളൂരു∙ നമ്മ മെട്രോ നിർമാണം പ്രതീക്ഷിക്കുന്ന വേഗത്തിൽ പുരോഗമിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നിർമാണ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു. നഗരവികസന മന്ത്രാലയത്തിന്റെയാണു നടപടി.ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം, രൂപരേഖയിൽ മാറ്റം വരുത്തൽ, മറ്റു ഗതാഗത മാർഗ ഏകോപനം എന്നീ വിഷയങ്ങളിൽ സമിതി അന്തിമ തീരുമാനം എടുക്കും.
പർപ്പിൾ, ഗ്രീൻ ലൈനുകളിലെ പാതകളിൽ ഏറെ വൈകിയാണു സർവീസ് ആരംഭിച്ചത്. നാഗസന്ദ്ര–മാധവാര 3.14 കിലോമീറ്റർ പാതയിൽ നിർമാണത്തിനും സർവീസിനുമായി 7 വർഷത്തിലേറെ സമയമെടുത്തിരുന്നു.ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കമാണ് പ്രധാനമായും കാലതാമസത്തിനു ഇടയാക്കുന്നത്. ഇതിനു പരിഹാരം കാണാൻ ഉൾപ്പെടെ ഉന്നതാധികാര സമിതിയുടെ ഇടപെടൽ ഗുണം ചെയ്യും. നഗരത്തിലെ ഗതാഗതക്കുരുക്ക് പ്രതിദിനം വർധിക്കുന്നതിനിടെ മെട്രോ നിർമാണം വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്.
കുത്തഴിഞ്ഞ ആസൂത്രണം
ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ ട്രാക്കിന്റെയും സ്റ്റേഷന്റെയും നിർമാണം പൂർത്തിയായി ഏറെ കാലമായിട്ടും സർവീസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകൾ കൈമാറുന്നതിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർ കമ്പനി വീഴ്ച വരുത്തിയതാണ് തിരിച്ചടിയായി.
കമ്പനിക്കുമേൽ സമ്മർദം ചെലുത്തി നടപടികൾ വേഗത്തിലാക്കാൻ ബിഎംആർസി ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടുത്ത മാസം ഭാഗികമായി പാതയിൽ സർവീസ് ആരംഭിക്കുമെന്നാണ് നിലവിലെ തീരുമാനം. പൂർണമായും സർവീസ് ആരംഭിക്കാൻ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും.
രണ്ടു പാതകളുടെ നിർമാണം മുന്നോട്ട്
നിലവിൽ 2 പാതകളിലാണു നിർമാണം പുരോഗമിക്കുന്നത്. സിൽക്ക് ബോർഡ്–കെആർപുരം–വിമാനത്താവള പാതയുടെ 43% മാത്രം പൂർത്തിയായി. 2026ൽ തുറന്നു കൊടുക്കാൻ ലക്ഷ്യമിടുന്ന പാതയാണിത്. കല്ലേനഗ്രഹാര–നാഗവാര പാതയിൽ 2025 ഡിസംബറിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഉൾപ്പെടുന്ന കല്ലേനഗ്രഹാര–താവരക്കെരെ ഇടനാഴിയിൽ 84.77%, ഡയറി സർക്കിൾ– രാഷ്ട്രീയ മിലിറ്ററി സ്കൂൾ ഇടനാഴിയിൽ 96.32%, രാഷ്ട്രീയ മിലിറ്ററി സ്കൂൾ-ശിവാജിനഗർ ഇടനാഴിയിൽ 94.64%, താനറി–നാഗവാര ഇടനാഴിയിൽ 87.31% എന്നിങ്ങനെ നിർമാണം പുരോഗമിക്കുന്നു.