ADVERTISEMENT

ബെംഗളൂരു∙ ക്രിസ്മസ്, പുതുവർഷത്തിരക്കിനു പിന്നാലെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കൂടുതൽ സർവീസുകളുള്ള കൊച്ചിയിലേക്ക് ഡിസംബർ 20 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ 9600– 12800 രൂപവരെയാണ് നിരക്ക്. കൊച്ചിയിലേക്ക് പ്രതിദിനം 12–15 സർവീസാണുള്ളത്. തിരുവനന്തപുരത്തേക്ക് 8700–11,000 രൂപയും കോഴിക്കോട്ടേക്ക് 7200–9200 രൂപയും കണ്ണൂരിലേക്ക് 8700–9500 രൂപയുമാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. തിരക്കേറുന്നതോടെ നിരക്ക് ഇനിയും കുതിച്ചുയരും.

∙ സ്പെഷൽ ബസ് ബുക്കിങ് വൈകുന്നു
ക്രിസ്മസിന് പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ബസ് ബുക്കിങ് ആരംഭിക്കാതെ കേരള ആർടിസി. ശബരിമല സീസണായതിനാൽ സംസ്ഥാനാന്തര പെർമിറ്റുള്ള ബസുകൾ ലഭിക്കാത്തതാണ് പ്രശ്നം.  20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിലേക്കുള്ള ബസുകളിലെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. വടക്കൻ കേരളത്തിലേക്കുള്ള ചില പകൽ സർവീസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കിയുള്ളത്. സ്വകാര്യ ബസുകളിൽ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ടെങ്കിലും രണ്ടിരട്ടി വരെ അധിക നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി ആദ്യം പ്രഖ്യാപിച്ച 12 സ്പെഷൽ ബസുകളിലെയും ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു. കൂടുതൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് അടുത്ത ദിവസം തുടങ്ങും.

ശബരിമല സ്പെഷൽ ട്രെയിനുകളിലും തിരക്ക്
ബെളഗാവി, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിന്ന് കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കുള്ള ശബരിമല സ്പെഷൽ ട്രെയിനുകളിലും ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലായി. ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ ട്രെയിൻ ബുധനാഴ്ചകളിലും തിരുവനന്തപുരം നോർത്ത്–ബയ്യപ്പനഹള്ളി ടെർമിനൽ സ്പെഷൽ ചൊവ്വാഴ്ചകളിലുമാണ് സർവീസ്. ഹുബ്ബള്ളി–കോട്ടയം പ്രതിവാര സ്പെഷൽ ചൊവ്വാഴ്ചകളിലും കോട്ടയം–ഹുബ്ബള്ളി സ്പെഷൽ ബുധനാഴ്ചകളിലും ഹുബ്ബള്ളി– കൊല്ലം സ്പെഷൽ വ്യാഴാഴ്ചകളിലും കൊല്ലം– ഹുബ്ബള്ളി സ്പെഷൽ വെള്ളിയാഴ്ചകളിലും ബെളഗാവി– കൊല്ലം സ്പെഷൽ തിങ്കളാഴ്ചകളിലും കൊല്ലം– ബെളഗാവി സ്പെഷൽ ചൊവ്വാഴ്ചകളിലുമാണ് സർവീസ്.

English Summary:

Bangalore to Kerala flights have skyrocketed following the Christmas and New Year rush, with prices to Kochi ranging from ₹9,600 to ₹12,800 from December 20th to 22nd. Other modes of transport, such as buses and trains, are also experiencing high demand and limited availability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com