എസ്.എം. കൃഷ്ണയ്ക്ക് ആദരാഞ്ജലി
Mail This Article
ബെളഗാവി ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കർണാടക നിയമസഭാ സമ്മേളനം. സഭ ചേർന്നയുടൻ സ്പീക്കർ യു.ടി.ഖാദർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നിയമസഭയിലും നിയമനിർമാണ കൗൺസിലിലും ലോക്സഭയിലും രാജ്യസഭയിലും പതിറ്റാണ്ടുകൾ സേവനം അനുഷ്ഠിച്ച നേതാവാണ് കൃഷ്ണയെന്ന് സ്പീക്കർ അനുസ്മരിച്ചു.മികച്ച ഭരണകർത്താവിനെയും മാന്യനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോളജ് പഠന കാലം മുതൽ കൃഷ്ണയുടെ ആരാധകനാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്കായി അദ്ദേഹം 1968ൽ ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ താൻ പിന്തുണച്ചിരുന്നതായും സിദ്ധരാമയ്യ ഓർത്തു.
ബെംഗളൂരു നഗരത്തിന് അന്തസ്സും ആഭിജാത്യവും പകർന്ന നേതാവാണ് കൃഷ്ണയെന്നും ജനം എക്കാലവും അദ്ദേഹത്തെ ഓർക്കുമെന്നും പ്രതിപക്ഷ നേതാവ് ആർ.അശോക പറഞ്ഞു.കൃഷ്ണയുടെ വസ്ത്രധാരണ ശൈലി, ഭാഷാ പ്രാവീണ്യം, ടെന്നിസിനോടുള്ള ഇഷ്ടം തുടങ്ങിയവയൊക്കെ സഭയിൽ അനുസ്മരണ പ്രസംഗങ്ങളിൽ നിറഞ്ഞു. കൃഷ്ണയോടുള്ള ആദരസൂചകമായി കർണാടകയിൽ ഇന്ന് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.