ADVERTISEMENT

ബെംഗളൂരു∙ക്രിസ്മസ്, പുതുവർഷ യാത്രയ്ക്ക് അവസാനനിമിഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ ബെംഗളൂരു മലയാളികൾ. നാളെ മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തന്നെ തീർന്നിരുന്നു. വെള്ളിയാഴ്ചത്തെ ട്രെയിനുകളിലെ തത്കാൽ ടിക്കറ്റ് വിൽപന ഇന്ന് രാവിലെ 10ന് ആരംഭിക്കും. തിരക്കുള്ള വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്പെഷൽ ട്രെയിൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി കൂട്ടായ്മകൾ ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും പ്രഖ്യാപനം നീളുകയാണ്. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി പ്രതിദിന എക്സ്പ്രസിൽ നാളെ മുതൽ 24 വരെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 250–300 വരെയും മൈസൂരു–കൊച്ചുവേളി എക്സ്പ്രസിൽ 110–170 വരെയുമാണ്. 

ബസുകളിൽ ടിക്കറ്റില്ല
തിരക്ക് പരിഗണിച്ച് നാളെ കേരള, കർണാടക ആർടിസികൾ അനുവദിച്ച സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ തീർന്നു. കേരള ആർടിസി 27, കർണാടക ആർടിസി 24 അധിക സർവീസുകളാണ് അനുവദിച്ചത്. കർണാടകയ്ക്ക് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷൽ ബസുണ്ട്. ശബരിമല തീർഥാടകർക്കായുള്ള കർണാടകയുടെ ബെംഗളൂരു–പമ്പ ഐരാവത് സർവീസിലും രണ്ടാഴ്ചത്തേയ്ക്കുള്ള ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴി‍ഞ്ഞു.സ്വകാര്യ ബസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ടെങ്കിലും മൂന്നിരട്ടിവരെ അധിക നിരക്കാണ് ഈടാക്കുന്നത്. 

വർക്കലയിൽ സ്റ്റോപ്
ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന് 29 മുതൽ 31 വരെ വർക്കലയിൽ ഒരു മിനിറ്റ് താൽക്കാലിക സ്റ്റോപ് അനുവദിച്ചു.കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) വൈകിട്ട് 5.15നും മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315) രാവിലെ 7.46നുമാണ് വർക്കലയിൽ നിർത്തുക. 

പണിമുടക്ക്: 27ന് ചർച്ച 
ഡിസംബർ 31 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച കർണാടക ആർടിസി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി 27ന് ലേബർ കമ്മിഷണർ ചർച്ച നടത്തും. വേതന, ക്ഷാമബത്ത കുടിശിക വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംടിസി, കെകെആർടിസി, എൻഡബ്ല്യുകെആർടിസി എന്നീ കോർപറേഷനുകളിലെ ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

English Summary:

Bengaluru Malayalis face a Christmas and New Year travel crisis. Limited train and bus tickets are available, leaving many scrambling for last-minute options before the holiday rush.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com