ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ; കൂറ്റൻ ഗർഡർ ഉറപ്പിച്ചു
Mail This Article
ബെംഗളൂരു∙ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ റെയിൽ പാതയിലെ ആദ്യ ഗർഡർ യശ്വന്തപുരയിൽ സ്ഥാപിച്ചു. 31 മീറ്റർ നീളംവരുന്ന രാജ്യത്തെ നീളം കൂടിയ സിംഗിൾ സ്പാൻ പ്രീ കാസ്റ്റ് ഗർഡറാണ് 2 തൂണുകൾക്കിടയിൽ ഉറപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ കെ റൈഡിന്റെ ഗോലഹള്ളിയിലെ ഡിപ്പോയിൽ നിർമാണം പൂർത്തിയായ ഗർഡറാണ് ചൊവ്വാഴ്ച രാത്രിയോടെ സ്ഥാപിച്ചത്. ക്രെയിനുകളുടെ സഹായത്തോടെയാണ് തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നത്. 450 കോൺക്രീറ്റ് ഗർഡറുകളിൽ 60 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
2026 ഡിസംബറിലാണ് പാതയുടെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്. ബയ്യപ്പനഹള്ളി മുതൽ ചിക്കബാനവാര വരെ 25.01 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 സ്റ്റേഷനുകളുണ്ട്. ഇതിൽ ഹെബ്ബാൾ മുതൽ യശ്വന്തപുര വരെയുള്ള 8 കിലോമീറ്റർ ദൂരം എലിവേറ്റഡ് പാതയാണ്. 6 എണ്ണം എലിവേറ്റഡ് സ്റ്റേഷനുകളാണ്. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, സേവാനഗർ, ബാനസവാടി, കാവേരി നഗർ, നാഗവാര, കനകനഗർ, ഹെബ്ബാൾ, ലൊട്ടെഗോലഹള്ളി, യശ്വന്തപുര, ജാലഹള്ളി, ഷെട്ടിഹള്ളി, മൈദാരഹള്ളി, ചിക്കബാനവാര എന്നിവയാണ് സ്റ്റേഷനുകൾ.