ADVERTISEMENT

പരിമിതികളുടെ പുൽക്കുടിലിൽനിന്ന് പൂർണ്ണതയുടെ നിറവിലേക്കു നയിക്കുന്ന ദൈവാനുഭവങ്ങളുടെ നക്ഷത്രക്കൊട്ടാരമാണ് ക്രിസ്മസ്. സാക്ഷാൽ ദൈവമായിരിക്കെ, മനുഷ്യരൂപത്തിൽ സ്വയശൂന്യവൽക്കരണത്തിലൂടെ താഴ്മയുടെ പുൽക്കുടിലിൽ ജന്മമെടുത്ത് ഉന്നതിയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഉണ്ണിയേശുവിന്റെ തിരുപ്പിറവി. അതാണ് ക്രിസ്മസ്. 

ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ ആത്മാർത്ഥത ഇല്ലാത്ത അഭിനയ വേഷം ധരിക്കുന്നവരായി മാറിയില്ലേ?  ചിലരുടെ ജീവിതത്തിൽ സമ്പത്ത് വളരുമ്പോൾ അവരുടെ ഭാവങ്ങൾ മാറി ആത്മാർഥത ഇല്ലാത്ത കരിയുന്ന തിരികളായി മാറുന്നു. പഴമയെ മറന്നുപോയ വിഡ്ഢികൾ. പുതുമയിൽ നിറം മാറുന്ന ജീവികൾ. അതല്ലേ ഇന്ന്‌ നമ്മുടെ ഇടയിലെ മനുഷ്യർ? മാറണം, മാറ്റണം, അതാണ് ക്രിസ്മസ് നാളുകളിൽ തിരിക്കേണ്ട ജീവിതചക്രങ്ങൾ.

സുനിൽ തോമസ് കുട്ടങ്കേരിൽ
സുനിൽ തോമസ് കുട്ടങ്കേരിൽ

 ഇന്നിന്റെ യന്ത്രമനുഷ്യ കാലഘട്ടത്തിൽ ഹൃദയം ഇല്ലാത്ത മനുഷ്യന്റെ അവസ്ഥ പൂണ്ട് മനുഷ്യർ പരസ്പരം നിഗളിക്കുന്നു. അഹന്തയും അഹങ്കാരവും ക്രൂരതയും പെരുകുന്നു. മനുഷ്യൻ ഇന്ന്‌ സമൂഹത്തിന് ഇരുട്ട് പരത്തുന്നു.

ഇതിന്റെ മധ്യത്തിൽ സമ്പന്നതയുടെ ഉറവിടമായ ദൈവപുത്രൻ മനുഷ്യരൂപം എടുത്ത്‌ ദാരിദ്ര്യത്തിന്റെ പശുത്തൊട്ടിൽ  പിറന്നത് തന്റെ മാനുഷിക താഴ്മയുടെ ഭാവമാണ് ക്രിസ്മസ്. വിദ്വാൻമാരെ താഴ്മയുടെ അനുഭവത്തിലേക്ക് നയിച്ച ദിവ്യനക്ഷത്രം, ദൈവതേജസ്സിന്റെ നിറവിൽ എത്തിച്ച പ്രകാശമാണ് ക്രിസ്മസ്. 

ഇന്നിന്റെ കാലഘട്ടത്തിൽ അപ്പനും, അമ്മയും, മക്കളും, ഭാര്യയും, ഭർത്താവും അടങ്ങുന്ന കുടുംബലോകത്തും, ആത്മീയലോകത്തും, രാഷ്ട്രീയ മേഖലയിലും ഒക്കെ ആത്മാർഥത ഇല്ലാത്ത പരസ്പരം അഭിനയമാണ് എവിടെയും. സമാധാനം ഇല്ല, സ്നേഹം ഇല്ല, വിശ്വാസം ഇല്ല, പ്രതീക്ഷ ഇല്ല, ഭീകരമായ ഭയത്തിന്റെ ലോകം. വഞ്ചനയുടെയും, കബളിപ്പിക്കലിന്റെയും ആൾരൂപമായി മാറുന്ന മനുഷ്യർ ചുറ്റും വിലസുമ്പോൾ അവരെ പോളിഷ് അടിച്ചു സോപ്പിട്ടു പതയ്ക്കാൻ ചില ആത്മീയയുടെ മറവിൽ കഴിയുന്നവർ. സത്യം അസത്യമായും, അസത്യം സത്യമായും മുദ്രയടിക്കാൻ ജന്മമെടുത്ത ചിലർ. ഇങ്ങനെ ഉള്ള അന്ധകാര ശക്തികളെ അകറ്റുവാനാകണം, ക്രിസ്മസ് എന്ന ദിവ്യനക്ഷത്രം മനുഷ്യന്റെ ഉള്ളറകളിൽ ഉദയം ചെയ്യേണ്ടത്.

 ഇവിടെയാണ് സർവ്വജനത്തിനും ഉണ്ടാവുവാനുള്ള മഹാസന്തോഷം ദൈവദൂതൻ അറിയിച്ചതിനെ നാം ധ്യാനിക്കേണ്ടത്. സമാധാനത്തിന്റെ പ്രഭു ജനിച്ചിരിക്കുന്നു എന്ന വലിയ മഹത്തായ സന്തോഷവാർത്തയിലൂടെ ക്രിസ്മസിന്റെ അർഥം മനുഷ്യനിൽ ജനിക്കുന്നത്. ആഘോഷങ്ങളിൽ ജനിക്കുന്ന ക്രിസ്തുവല്ല മറിച്ച്  മനുഷ്യ ഹൃദയങ്ങളിൽ ജനിക്കുന്ന ക്രിസ്തുവിലൂടെ സമൂഹത്തിനു പ്രകാശമായിമാറണം. അപരന്റെ നന്മയിൽ, വേദനയിലും സന്തോഷത്തിലും ഒരുപോലെ നാം അവരോടോപ്പം കൂടുമ്പോളാണ് 2024 ലെ ക്രിസ്തുമസ് പൂർണ്ണതയിലാകുക. അതായിരിക്കട്ടെ ഈ വർഷത്തെ നമ്മുടെ ക്രിസ്മസ്.

പുതിയ പ്രതീക്ഷകൾ, തീരുമാനങ്ങൾ പൂക്കുന്ന പൂക്കാലമാണ് പുതുവർഷം. പുതിയ പുഷ്പങ്ങൾ വിരിയുമ്പോൾ അപരന് സുഗന്ധം പരത്തുവാനും, കണ്ണുകൾക്കും മനസ്സുകൾക്കും കുളിർമ പകരുന്ന നിറം പകരുവാനും 2025 വർഷത്തെ കരഘോഷത്തോടെ നമുക്ക് ആനയിക്കാം. എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്തുമസും, പ്രതീക്ഷകളുടെ പുതുവർഷവും സ്നേഹപൂർവ്വം ആശംസിക്കുന്നു.

English Summary:

Christmas 2024: Humility and hope are at the heart of Christmas, reminding us of Jesus' birth and the divine light that guides us.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com