പുതുവർഷം: ആഘോഷിക്കാം, അതിരുവിടാതെ; കർശന നിയന്ത്രണങ്ങളുമായി പൊലീസ്
Mail This Article
ബെംഗളൂരു∙പുതുവർഷത്തിന് 2 ദിവസം ബാക്കിനിൽക്കെ ആഘോഷം അതിരുവിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പൊലീസ്. സുരക്ഷയ്ക്കായി 11,830 പൊലീസുകാരെയാണ് നഗരപരിധിയിൽ നിയോഗിച്ചിരിക്കുന്നത്. ജനുവരി 1 പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി. ആൾക്കൂട്ടം എത്തുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ്, എച്ച്.എസ്ആർ ലേഔട്ട് എന്നിവിടങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തുകയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 63 വാച്ച് ടവറുകളും 817 സിസിടിവി ക്യാമറകളും 114 വനിതാ സുരക്ഷ ഐലൻഡുകളും 54 ഹെൽത്ത് സെന്ററുകളും ക്രമീകരിച്ചിട്ടുണ്ട്.
മേൽപാലങ്ങൾ അടച്ചിടും
അപകടങ്ങൾ തടയാൻ നഗരത്തിലെ മേൽപാലങ്ങൾ 31ന് രാത്രി 11 മുതൽ ജനുവരി 1ന് രാവിലെ 6 വരെ പൂർണമായി അടച്ചിടും. എന്നാൽ, വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിലെ മേൽപാലങ്ങളിൽ ഗതാഗതം അനുവദിക്കും.
പാർക്ക് ചെയ്യാവുന്ന സ്ഥലങ്ങൾ
ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ ശിവാജിനഗർ ബിഎംടിസി ടെർമിനൽ, യുബി സിറ്റി, ഗരുഡ മാൾ, കബൺ പാർക്ക് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
കൊട്ടാരത്തിലെ ചടങ്ങുകൾ റദ്ദാക്കി
മൈസൂരു കൊട്ടാരത്തിൽ 31ന് രാത്രി നടത്താനിരുന്ന പുതുവർഷാഘോഷ ചടങ്ങുകൾ റദ്ദാക്കിയതായി പാലസ് ബോർഡ് അറിയിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായാണ് നടപടി. കൊട്ടാരത്തിലെ പുഷ്പമേളയും ദീപാലങ്കാരവും തുടരും.
ഗതാഗത നിയന്ത്രണം
∙ എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ് എന്നിവിടങ്ങളിൽ 31ന് രാത്രി 8 മുതൽ ജനുവരി 1 പുലർച്ചെ 2 വരെ ഗതാഗതവും പാർക്കിങും നിരോധിച്ചു.
∙ ഇന്ദിരാനഗർ 100–ഫീറ്റ് റോഡിൽ ഓൾഡ് മദ്രാസ് റോഡ് ജംക്‌ഷൻ മുതൽ ഡൊംലൂർ ജംക്‌ഷൻ വരെ പാർക്കിങ് നിരോധിച്ചു.
∙ മഹാദേവപുര ഐടിപിഎൽ മെയിൻ റോഡ്, ബി നാരായണപുര ഷെൽ പെട്രോൾ പമ്പ് മുതൽ ഗരുഡാചർ പാളയ ഡെക്കാത്തലൺ റോഡ്, ഹൂഡി മെട്രോ സ്റ്റേഷൻ മുതൽ ഗ്രാഫൈറ്റ് ഇന്ത്യ ജംക്‌ഷൻ, ഐടിപിഎൽ മെഡികവർ മുതൽ ബിഗ് ബസാർ ജംക്‌ഷൻ വരെ പാർക്കിങ് നിരോധിച്ചു.
∙ കോറമംഗല നാഷനൽ ഗെയിംസ് വില്ലേജ് മുതൽ യൂക്കോ ബാങ്ക് ജംക്‌ഷൻ, സുഖസാഗർ ജംക്‌ഷൻ മുതൽ മൈക്രോ ലാൻഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ 31ന് രാത്രി 11 മുതൽ 2 വരെ ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു. മുനിറെഡ്ഡി കല്യാണ മണ്ഡപം മുതൽ കാനറ ബാങ്ക് ജംക്‌ഷൻ, ബിബിഎംപി ഗ്രൗണ്ട്, ബഥനി സ്കൂളിന് സമീപത്തെ ബിബിഎംപി ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ മാൾ ഓഫ് ഏഷ്യ, ഓറിയോൺ മാൾ – ബൈട്രരായനപുര സർവീസ് മുതൽ മാൾ ഓഫ് ഏഷ്യ, കോഡിഗേഹള്ളി സിഗ്‌നൽ മുതൽ അല്ലസന്ദ്ര ജംക്‌ഷൻ, നവരംഗ് സിഗ്‌നൽ മുതൽ ഓറിയോൺ മാൾ, സോപ്പ് ഫാക്ടറി എന്നിവിടങ്ങളിൽ ഗതാഗതവും പാർക്കിങും നിരോധിച്ചു.