പ്രതീക്ഷയുടെ ചിറകിൽ സംസ്ഥാനാന്തരയാത്ര
Mail This Article
കേരള ആർടിസി
പരാതികൾ ഏറെ കേട്ട നവകേരള ബസ് പുതിയ ടിക്കറ്റ് നിരക്കിലും സമയക്രമത്തിലും ജനുവരി 1 മുതൽ സർവീസ് തുടങ്ങുന്നതാണ് കേരള ആർടിസിയുടെ പുതുവത്സര സമ്മാനം. മികച്ച ടിക്കറ്റ് വരുമാനം നൽകുന്ന ബെംഗളൂരു മേഖലയ്ക്ക് ഓടിത്തളർന്ന ബസുകൾക്ക് പകരം പുതിയ ബസുകൾ ഏർപ്പെടുത്താൻ ഇനിയും വൈകരുതെന്നാണ് ആനവണ്ടിയെ സ്നേഹിക്കുന്ന യാത്രക്കാരുടെ ആവശ്യം. മുൻകാലങ്ങളെ അപേക്ഷിച്ച് ഉത്സവസീസണുകളിൽ കൂടുതൽ സ്പെഷൽ ബസ് ഏർപ്പെടുത്തുന്നുണ്ടെങ്കിലും അവസാനനിമിഷം ബസുകൾ റദ്ദാക്കുന്നത് സ്ഥിരം യാത്രക്കാരെ ഉൾപ്പെടെ തുടർയാത്രകളിൽ നിന്ന് അകറ്റുന്നു.
കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകൾ വാടകയ്ക്ക് ഓടിക്കാനുള്ള നടപടികൾ എവിടെയും എത്തിയില്ല. പുതിയ ബസുകൾ വാങ്ങുന്നതിന് പകരമാണ് സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് ബസുകൾ വാടകയ്ക്കെടുക്കാനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം രൂപം നൽകിയത്. ഉത്സവ സീസണുകളിൽ തിരക്കിനനുസരിച്ച് ബസുകൾ ഓടിക്കാനും സാധിക്കും. കൂടുതൽ സ്ലീപ്പർ ബസുകൾ, ഉത്തരമലബാറിലേക്ക് എസി ബസ്, തെക്കൻ കേരളത്തിലേക്ക് സേലം വഴി കൂടുതൽ സർവീസുകൾ, ശബരിമല സ്പെഷൽ ബസുകൾ, ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല നടപടികൾ പ്രതീക്ഷിക്കുന്നു.
കർണാടക ആർടിസി
കേരളത്തിലേക്ക് കൂടുതൽ സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിച്ചതാണ് ബെംഗളൂരു മലയാളികൾക്കുള്ള കർണാടക ആർടിസിയുടെ പുതുവത്സര സമ്മാനം. എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. കൂടാതെ പുതിയ ബസ് ലഭിക്കുന്നതോടെ ആലപ്പുഴയിലേക്ക് പ്രതിദിന സർവീസ് തുടങ്ങും. ഡിജിറ്റൽ ടിക്കറ്റ് സംവിധാനം സംസ്ഥാനാന്തര റൂട്ടുകളിലേക്ക് ആരംഭിച്ചതും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി.
ഉത്സവസീസണിൽ തിരക്കിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാൻ കർണാടക മടിക്കാറില്ല. സംസ്ഥാനാന്തര ഗതാഗത കരാർ പ്രകാരം കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കർണാടക തയാറാണെങ്കിലും കേരളത്തിന്റെ അനുമതി ലഭിക്കാത്തതാണ് തടസ്സം. തിരുവനന്തപുരത്തേക്ക് നാഗർകോവിൽ വഴി സർവീസ് നടത്താൻ തമിഴ്നാടിന്റെ അനുമതിയും ലഭിച്ചിട്ടില്ല.
വന്ദേഭാരതിന് കാതോർത്ത്
∙ശബരിമല സീസണിൽ വടക്കൻ കർണാടകയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത് തീർഥാടകർക്ക് സൗകര്യപ്രദമായി. ഓണക്കാലത്ത് ഒരു മാസം ഓടിച്ച ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസ് പതിവ് സർവീസാക്കി മാറ്റണമെന്നാണ് ട്രെയിൻ യാത്രക്കാരുടെ ആവശ്യം. സ്പെഷൽ ട്രെയിനായി ഓടിച്ചപ്പോൾ സീറ്റുകൾ നിറഞ്ഞ് ഓടിയിരുന്ന ട്രെയിൻ പ്ലാറ്റ്ഫോം ഒഴിവില്ലെന്ന പേരിലാണ് സ്ഥിരം സർവീസാക്കുന്നതിന് ഒരു വിഭാഗം ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത്.
ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുക, വെള്ളിയാഴ്ചകളിൽ നാട്ടിലേക്കും തിരിച്ച് ഞായറാഴ്ചകളിലും സ്പെഷൽ ട്രെയിൻ, യശ്വന്തപുര–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് പ്രതിദിനമാക്കുക, മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന്റെ സമയമാറ്റം, കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടുന്നതിന് ഇക്കഴിഞ്ഞ ജനുവരിയിൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചെങ്കിലും രാഷ്ട്രീയ സമർദ്ദത്തെ തുടർന്ന് തീരുമാനം പിന്നീട് റദ്ദാക്കുകയായിരുന്നു.