കൂടുതൽ യാത്രക്കാരെ ആകർഷിക്കും; ഡെമു സർവീസുകളെ മെമു ട്രെയിനുകളാക്കി മാറ്റി റെയിൽവേ
Mail This Article
ബെംഗളൂരു∙ പുതുവർഷത്തിൽ വിമാനത്താവളത്തിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും യാത്ര സുഗമമാക്കാനുമായി നിലവിലുള്ള ഡെമു സർവീസുകളെ മെമു ട്രെയിനുകളാക്കി മാറ്റി റെയിൽവേ. കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്ന് ചിക്കബെല്ലാപുര വഴി കോലാറിലേക്കുള്ള 2 ഡെമു ട്രെയിനുകൾ കൂടി കഴിഞ്ഞ ദിവസം ഇലക്ട്രിക് മെമു സർവീസുകളാക്കി മാറ്റി. ഇതോടെ ബെംഗളൂരുവിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള സ്റ്റേഷനെ (കെഐഎ ഹാൾട്ട്) ബന്ധിപ്പിച്ചുള്ള എല്ലാ സർവീസുകളും മെമു ട്രെയിനുകളായി. ഇതോടെ സർവീസുകളുടെ കാര്യത്തിൽ കൂടുതൽ സമയകൃത്യത വരുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ദേവനഹള്ളി വരെയുണ്ടായിരുന്ന 6 മെമു ട്രെയിനുകൾ സർവീസ് ചിക്കബെല്ലാപുരയിലേക്ക് നീട്ടിയത്. ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷനിലെ വൈദ്യുതീകരണം പൂർത്തിയായതോടെ ബെംഗളൂരു–ചിക്കബെല്ലാപുര, ബെംഗളൂരു–കോലാർ, ബെംഗളൂരു–ഹാസൻ റൂട്ടുകളിലെ എല്ലാ പാസഞ്ചർ ഡെമു സർവീസുകളും ഇലക്ട്രിക് മെമുവിലേക്ക് മാറി. ബെംഗളൂരുവിൽ നിന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള സ്റ്റേഷൻ (കെഐഎ ഹാൾട്ട്) വരെ ഓർഡിനറി മെമുവിൽ 10 രൂപയും എക്സ്പ്രസ് മെമുവിൽ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
നഗരത്തിൽ നിന്ന് കുറഞ്ഞ നിരക്കിൽ വിമാനത്താവളത്തിൽ എത്താൻ കഴിയുന്ന സർവീസ് ആരംഭിച്ച് 3 വർഷം കഴിയുമ്പോഴും യാത്രക്കാരെ കാര്യമായി ആകർഷിക്കാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിൽ നിന്ന് സൗജന്യ ഷട്ടിൽ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകൾ കൃത്യസമയം പാലിക്കാത്തതും ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതുമാണ് തിരിച്ചടിയായത്. വിമാനത്താവളത്തിലേക്ക് റോഡ് മാർഗം വെബ് ടാക്സിയിൽ 2000–3000 രൂപവരെയും ബിഎംടിസി വായുവജ്ര എസി ബസിൽ 270–360 രൂപവരെയുമാണ് ഈടാക്കുന്നത്. യെലഹങ്ക മുതൽ ചിക്കബെല്ലാപുര വരെ ഒറ്റവരി പാതയായതിനാൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനും പരിമിതിയുണ്ട്. കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി സബേർബൻ പാത വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും.