ബസുകളിലെ ഡിജിറ്റൽ പേയ്മെന്റ് പണിമുടക്കി സ്കാനർ; ചില്ലറയല്ല തർക്കം
Mail This Article
ബെംഗളൂരു∙ ബിഎംടിസി ബസുകളിലെ ചില്ലറ ക്ഷാമത്തിനു പരിഹാരമായി ആരംഭിച്ച ഡിജിറ്റൽ പേയ്മെന്റ് (ക്യുആർ കോഡ്) ടിക്കറ്റ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയപ്പോൾ സാങ്കേതിക തകരാർ വില്ലനാകുന്നു. കഴിഞ്ഞ മാസമാണ് എല്ലാ ബസുകളിലും പദ്ധതി വ്യാപിപ്പിച്ചത്. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിലെ (ഇടിഎം) ക്യുആർ കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുമ്പോഴാണ് ടിക്കറ്റ് ലഭിക്കുക. തിരക്കുള്ള സമയത്ത് സ്കാനർ പണിമുടക്കുന്നതോടെ ടിക്കറ്റ് ലഭിക്കില്ല. ഇന്റർനെറ്റിന്റെ വേഗം കുറയുമ്പോഴും സമാനസാഹചര്യമാണ്. ഇതോടെ യാത്രക്കാർ പണം നേരിട്ട് നൽകണം. ഇത് പലപ്പോഴും യാത്രക്കാരും കണ്ടക്ടറും തമ്മിലുള്ള തർക്കത്തിന് ഇടയാക്കുന്നുണ്ട്.
ക്യുആർ കോഡ് വരുമാനം 10%
പ്രതിദിന വരുമാനത്തിന്റെ 10% ആണ് ഡിജിറ്റൽ പേയ്മെന്റിലൂടെ ബിഎംടിസിക്ക് ലഭിക്കുന്നത്. നേരത്തെ ഇത് 5 ശതമാനത്തിൽ താഴെയായിരുന്നു. കർണാടക ആർടിസിയിൽ ഡിജിറ്റൽ ടിക്കറ്റുകളുടെ എണ്ണം 30% വരെ ഉയർന്നിരുന്നു. ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നവരിൽ 90 ശതമാനവും 40 വയസ്സിൽ താഴെയുള്ളവരാണ്.
റൂട്ട് ബോർഡുകൾ പണിമുടക്കുന്നു
ബിഎംടിസി ബസുകളുടെ റൂട്ട് അറിയാനുള്ള എൽഇഡി ഡിസ്പ്ലേ ബോർഡുകൾ തകരാറിലാകുന്നത് പതിവാകുന്നു. എല്ലാ ബസുകളിലും എൽഇഡി ബോർഡുകളിലാണ് ഇംഗ്ലിഷിലും കന്നഡയിലും റൂട്ട് നമ്പറും സ്ഥലപ്പേരും പ്രദർശിപ്പിക്കുന്നത്. ഇത് തകരാറിലാകുന്നതോടെ പഴയ ബോർഡുകളാണ് പകരം സ്ഥാപിക്കുന്നത്. രാത്രി ഇത്തരം ബോർഡുകൾ കാണാൻ പോലും കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ബസ് ചാർജ് 15% കൂട്ടാൻ ശുപാർശ
സംസ്ഥാനത്ത് ബസ് ചാർജ് 15% വരെ വർധിപ്പിക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നതാധികാര സമിതി ശുപാർശ ചെയ്തു. നിലവിലെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ടിക്കറ്റ് നിരക്ക് ഉയർത്താതെ രക്ഷയില്ലെന്നാണ് നിർദേശം. സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതിയായ ശക്തി ആരംഭിച്ചതോടെ വരുമാനം മൂന്നിലൊന്നായി ഇടിഞ്ഞു. പ്രതിദിനം 40 കോടിരൂപ പ്രവർത്തനച്ചെലവ് വേണ്ടിവരുന്ന ബിഎംടിസിക്ക് 34 കോടിയിൽ താഴെയാണ് വരുമാനമായി ലഭിക്കുന്നത്.