കർശന സുരക്ഷയിൽ പുതുവർഷാഘോഷം
Mail This Article
ബെംഗളൂരു∙ പുതുവർഷത്തിന്റെ ഉത്സവലഹരിയിലേക്ക് നഗരവീഥികൾ വഴിമാറുന്നതോടെ കർശന സുരക്ഷയുമായി പൊലീസ്. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ 2024 ന് വിടനൽകി 2025 നെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഇന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുകൂടുക. പ്രധാന ആഘോഷങ്ങൾ നടക്കുന്ന എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പഴുതടച്ച സുരക്ഷയാണ് സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. 11,830 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. രാത്രി ഒന്നു വരെയാണ് ആഘോഷത്തിന് അനുമതി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ജി.പരമേശ്വര പറഞ്ഞു. 63 വാച്ച് ടവറുകളും 817 സിസിടിവി ക്യാമറകളും 114 വനിതാ സുരക്ഷ ഐലൻഡുകളും 54 ഹെൽത്ത് സെന്ററുകളും ക്രമീകരിച്ചിട്ടുണ്ട്.
മേൽപാലങ്ങൾ അടച്ചിടും
അപകടങ്ങൾ തടയാൻ നഗരത്തിലെ മേൽപാലങ്ങൾ ഇന്ന് രാത്രി 11 മുതൽ ജനുവരി 1ന് രാവിലെ 6 വരെ പൂർണമായി അടച്ചിടും. വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിലെ മേൽപാലങ്ങളിൽ ഗതാഗതം അനുവദിക്കും.
ഗതാഗത നിയന്ത്രണം
എംജി റോഡ്, ബ്രിഗേഡ് റോഡ്, റസിഡൻസി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാത്രി 8 മുതൽ ജനുവരി 1 പുലർച്ചെ 2 വരെ ഗതാഗതവും പാർക്കിങ്ങും നിരോധിച്ചു.
മെട്രോ, ബിഎംടിസി സർവീസ്
മെട്രോ പുലർച്ചെ 2 വരെ സർവീസ് നടത്തും. മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് അവസാന ട്രെയിൻ 2.45ന് പുറപ്പെടും. ബിഎംടിസി ബ്രിഗേഡ് റോഡ്, എംജി റോഡ് മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് രാത്രി 2 വരെ ബസ് സർവീസ് നടത്തും.
നന്ദിഹിൽസ് അടച്ചിടും
വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിൽ ഇന്ന് വൈകിട്ട് മുതൽ നാളെ രാവിലെ 10 വരെയും മൈസൂരു ചാമുണ്ഡിഹിൽസിൽ വൈകിട്ട് 7 മുതൽ നാളെ രാവിലെ 6 വരെയും പ്രവേശനം നിരോധിച്ചു.