കേരള– ബെംഗളൂരു യാത്ര: സ്പെഷൽ ട്രെയിനില്ല; തിരക്കിൽകുരുങ്ങി മടക്കം
Mail This Article
ബെംഗളൂരു∙പുതുവർഷാഘോഷത്തിന് ശേഷം നാട്ടിൽ നിന്ന് മടങ്ങുന്നവർക്കായി സ്പെഷൽ ട്രെയിൻ ഇല്ലാത്തത് യാത്രാദുരിതം ഇരട്ടിയാക്കി. ക്രിസ്മസിന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് അനുവദിച്ച 3 സ്പെഷൽ ട്രെയിനുകളും 27നുള്ളിൽ തന്നെ മടങ്ങിയിരുന്നു. ബെംഗളൂരുവിലേക്കുള്ള പതിവ് ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ ഉൾപ്പെടെ തിരക്കിൽ കുരുങ്ങിയാണ് പുതുവർഷത്തിൽ പലരും തിരിച്ചെത്തിയത്. കേരള, കർണാടക ആർടിസികളുടെ ഇന്നത്തെയും നാളത്തെയും സ്പെഷൽ ബസുകളിലെ ഉൾപ്പെടെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. ഇരു ആർടിസികളും 5 വരെയാണ് സ്പെഷൽ ബസുകൾ ഓടിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്.
സ്വകാര്യ ബസുകൾക്കെതിരെ നടപടി
പുതുവർഷ തിരക്ക് മുതലെടുത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ്. ഹുബ്ബള്ളി, ബെളഗാവി, എറണാകുളം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, പനാജി, മംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നിരട്ടിവരെ അധിക നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. ഇത് സംബന്ധിച്ച വ്യാപക പരാതികൾ ഉയർന്നതോടെയാണ് പരിശോധന കർശനമാക്കാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. ഒരു വശത്തേക്ക് ബസുകൾ കാലിയായി ഓടുന്ന സാഹചര്യം പരിഗണിച്ച് അനുവദിച്ച ഫ്ലെക്സി ടിക്കറ്റ് നിരക്ക് സ്വകാര്യ ബസുകൾ 50% വരെ ഉയർത്തിയതായി കണ്ടെത്തിയിരുന്നു.