കേരള – തമിഴ്നാട് സർക്കാരുകൾ ഒത്തുപിടിച്ചാൽ ട്രെയിൻ ഓടും
Mail This Article
ചെന്നൈ∙കേരള-തമിഴ്നാട് സർക്കാരുകൾ ഒരുമിച്ചു ആവശ്യപ്പെട്ടാൽ രണ്ടു ദിവസം കൊണ്ട് ചെന്നൈയിൽ നിന്നു കേരളത്തിലേക്കു ശ്രമിക് ട്രെയിൻ ഓടും. എന്നാൽ, ഇതുവരെ ഇരു സർക്കാരുകളും കേരളത്തിലേക്കു ട്രെയിൻ സർവീസ് നടത്തണമെന്നു ആവശ്യപ്പെട്ടിട്ടില്ല. യാത്രക്കാരെ സ്വീകരിക്കേണ്ട സംസ്ഥാനമെന്ന നിലയിൽ കേരളമാണു മുൻ കയ്യെടുക്കേണ്ടത്. ട്രെയിൻ സർവീസ് നടത്തണമെന്നു ഇരു സംസ്ഥാനങ്ങളും സംയുക്തമായി ആവശ്യപ്പെട്ടാൽ മണിക്കൂറുകൾക്കകം റെയിൽവേ ട്രെയിനൊരുക്കും. യാത്രക്കാരെ തിരഞ്ഞെടുക്കുന്നതിനും ടിക്കറ്റ് വിൽപനയ്ക്കുമായി രണ്ടു ദിവസം. മൂന്നാം ദിവസം ട്രെയിൻ കേരളത്തിലേക്കോടും.
സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനനുസരിച്ച് സർവീസ് നടത്താനുള്ളത്ര റേക്കുകൾ ലഭ്യമാണെന്നു റെയിൽവേ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു പോകാനായി നോർക്ക വെബ്സൈറ്റിൽ നാൽപതിനായിരത്തോളം പേർ റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നല്ലൊരു ഭാഗം ചെന്നൈയിലാണ്. സ്വന്തം വാഹനത്തിലും വാടകയ്ക്കെടുത്ത വാഹനങ്ങളിലും സംഘടനകൾ ഏർപ്പാടാക്കിയ പൊതു വാഹനങ്ങളിലുമായി ഇരുപതിനായിരത്തോളം പേർ നാട്ടിലെത്തിക്കഴിഞ്ഞു. ഉയർന്ന വാഹനക്കൂലിയെടുക്കാനില്ലാത്തവരും മറ്റുമായി ബാക്കിയുള്ളവർ ഇപ്പോഴും പൊതു വാഹനത്തിനായി കാത്തിരിക്കുന്നു.
തമിഴ്നാട്ടിൽ നിന്നു ഇതുവരെ 43 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തി. ഇതിൽ 22 എണ്ണം ചെന്നൈയിൽ നിന്നാണു പുറപ്പെട്ടത്. കേരളത്തിലേക്കുള്ള അതേ ദൂരമുള്ള, ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തേക്കും ചെന്നൈയിൽ നിന്നു ശ്രമിക് ട്രെയിനുകൾ ഓടിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നു മറ്റിടങ്ങളിലേക്കു ശ്രമിക് ട്രെയിനുകൾ സർവീസ് നടത്താൻ തമിഴ്നാട് ഉടൻ അനുമതി നൽകുന്നുണ്ട്. ബന്ധപ്പെട്ട സംസ്ഥാനം സമീപിക്കണമെന്നു മാത്രം. ചെന്നൈയിൽ നിന്നു കേരളത്തിലേക്കു ട്രെയിൻ സർവീസ് നടത്താൻ കേരള സർക്കാർ ഉടൻ ഇടപെടണമെന്നു മലയാളി സംഘടനകൾ ആവശ്യപ്പെട്ടു.
നിലവിൽ ബസിൽ 20 പേർ മാത്രം
കേരളത്തിലേക്കുള്ള ബസുകളിൽ യാത്ര ചെയ്യാവുന്നവരുടെ എണ്ണം 20 ആക്കി പരിമിതപ്പെടുത്തിയ തീരുമാനം തമിഴ്നാട് പുനപ്പരിശോധിക്കുന്നു. എന്നാൽ, പുതിയ തീരുമാനം വരുംവരെ നിയന്ത്രണം തുടരും. നേരത്തെ ബസിൽ 25 പേർക്കുവരെ യാത്രാ പാസ് നൽകിയിരുന്നു. ഹോട്സ്പോട്ടല്ലാത്ത ജില്ലകളിൽ ബസുകൾ സർവീസ് നടത്താൻ അനുമതി നൽകിയപ്പോഴാണു ബസുകളിൽ യാത്ര ചെയ്യാൻഅനുമതിയുള്ളവരുടെ എണ്ണം 20 ആക്കി കുറച്ചത്.
അന്തർ സംസ്ഥാന യാത്രകളെ ഇതിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടു സിടിഎംഎ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർക്കു നിവേദനം നൽകിയിരുന്നു. പൊതുവാഹനമേർപ്പെടുത്തുന്ന സംഘടനകൾക്കു പുതിയ നിയമം തിരിച്ചടിയാണ്. യാത്രാ കൂലി വർധിക്കാനും ഇതു കാരണമായി.
സ്വകാര്യ ബസുകൾ മൂൻകൂർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ചെന്നൈ ∙ സംസ്ഥാനത്തെ ദീർഘദൂര സ്വകാര്യ ബസുകൾ മൂൻകൂർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ച 25 ജില്ലകളിലാണു ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. എന്നാൽ ചെന്നൈ ഉൾപ്പെടെ 12 ഹോട്സ്പോട്ട് ജില്ലകളിൽ ആരംഭിച്ചിട്ടില്ല. ജൂൺ 2 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിട്ടുള്ളത്. അതേസമയം, സർക്കാർ അനുമതി ലഭിക്കാത്തതിനാൽ യാത്ര എന്നു പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
കോവിഡ് കേസുകൾ കുറഞ്ഞ ജില്ലകൾക്കിടയിൽ അടുത്തയാഴ്ചയോടെ സ്വകാര്യ ബസ് യാത്ര പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണു ബുക്കിങ് പുരോഗമിക്കുന്നത്. സംസ്ഥാനാന്തര യാത്രയ്ക്കു അനുമതിയില്ലാത്തതിനാൽ കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടില്ല. സർക്കാർ തീരുമാനം വരാത്തതിനാൽ എസ്ഇടിസി, ടിഎൻഎസ്ടിസി തുടങ്ങിയ സർക്കാർ ബസുകളിലെ ടിക്കറ്റ് ബുക്കിങ്ങ് വൈകാനാണു സാധ്യത.