ADVERTISEMENT

ചെന്നൈ∙മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സ്വപ്ന പദ്ധതിയായ ശിങ്കാര ചെന്നൈ 2.0 വൈകാതെ യാഥാർഥ്യമാകും. ചെന്നൈ നഗരത്തെ അടിമുടി മാറ്റുന്ന സൗന്ദര്യവൽക്കരണ പദ്ധതിയാണിത്. ഒട്ടേറെ ജനസൗഹൃദ പദ്ധതികളും നടപ്പാക്കും. പത്തു വർഷത്തിനുള്ളിൽ ചെന്നൈയെ രാജ്യാന്തര നഗരങ്ങളുടെ തലത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യം. കോർപറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
നഗര വികസന പദ്ധതികൾ ചർച്ച ചെയ്യാൻ ജൂൺ 8നു കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശിങ്കാര ചെന്നൈ 2.0 നടപ്പാക്കാൻ ധാരണയായി. നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിൽ തുടങ്ങാനാണ് തീരുമാനം. അടുത്ത 30 വർ‌ഷം മുന്നിൽ കണ്ടുള്ള വികസന പദ്ധതികളാണു നടപ്പാക്കുക. വിശദ പദ്ധതി റിപ്പോർട്ട് വൈകാതെ പുറത്തിറക്കും.

മുഖ്യമന്ത്രി 25 വർഷം മുൻപ് കണ്ട സ്വപ്ന പദ്ധതി

കാൽ  നൂറ്റാണ്ട് മുൻപ് 1996ൽ എം.കെ.സ്റ്റാലിൻ ചെന്നൈ മേയറായ സമയത്തു നടപ്പാക്കിയ നഗര വികസന പദ്ധതിയാണ് ‘ശിങ്കാര ചെന്നൈ’. മനോഹര ചെന്നൈ എന്നാണ് പദത്തിന് അർഥം. നഗരത്തിൽ ഇപ്പോൾ കാണുന്ന മേൽപാലങ്ങളും വീതിയേറിയ റോഡുകളും ഡിഎംകെ സർക്കാർ ശിങ്കാര ചെന്നൈയുടെ ചുവടു പിടിച്ചു നിർമിച്ചതാണ്. 2011ൽ അണ്ണാഡിഎംകെ സർക്കാർ അധികാരത്തിൽ എത്തിയതോടെ പദ്ധതി നിർത്തലാക്കി. പത്തു വർഷത്തിനു ശേഷം ഡിഎംകെ അധികാരത്തിൽ എത്തിയതോടെ പദ്ധതിക്കു വീണ്ടും ചിറകുമുളച്ചു.

 പ്രധാന മേൽപാതകൾ നവീകരിക്കും

എഗ്‌മൂർ പാന്തിയൻ റോഡ് ഫ്ലൈഓവർ, ആർവാർപെട്ട് ജികെ മൂപ്പനാർ ബ്രിജ്, അഡയാർ സർദാർ പട്ടേൽ റോഡ് ഫ്ലൈഓവർ എന്നീ പ്രധാന മേൽപാതകൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കുമെന്നു കോർപറേഷൻ. സ്മാർട് സിറ്റി പദ്ധതിയുടെ കീഴിൽ  മേൽപാതകളുടെ തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ സ്ഥാപിക്കുന്ന ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു.
രാത്രികാലങ്ങളിൽ വിവിധ വർണങ്ങൾ വിതറുന്ന ലൈറ്റുകളും സ്ഥാപിച്ചു. പാലത്തിനടയിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു
പൂന്തോട്ടമോ, സ്മാർട് പാർക്കിങ് സ്ലോട്ടുകളോ ഒരുക്കുന്നതും  പരിഗണിക്കും.

 കരടു പദ്ധതി ഇങ്ങനെ

∙ബീച്ചുകൾ നവീകരിച്ചു  ജനസൗഹൃദമാക്കും.
∙പ്രധാന മേഖലകളിൽ സൗന്ദര്യവൽക്കരണ പദ്ധതികൾ.
∙ ചെറു പൂന്തോട്ടങ്ങൾ. വെർട്ടിക്കൽ ഗാർഡനുകൾ.
∙വെള്ളത്തിനടിയിലെ അന്തരീക്ഷം ആസ്വദിക്കാൻ   കഴിയുന്ന അക്വാ പാർക്ക്.
∙ഭിന്നശേഷിക്കാർക്ക്  പ്രത്യേക  സൗകര്യങ്ങൾ.
∙അണ്ണാനഗർ ടവർ പാർക്ക് പുനർരൂപകൽപന ചെയ്യും
∙മേൽപാതകൾ, റൗണ്ടാനകൾ എന്നിവ സൗന്ദര്യവൽക്കരിക്കും.
∙ പുരാതന കെട്ടിടങ്ങൾ നവീകരിക്കും.
∙വിദ്യാർഥികൾക്കായി സയൻസ് പാർക്ക്.
∙വളർത്തു മൃഗങ്ങൾക്കായി പ്രത്യേക പാർക്കുകൾ.
∙ചെന്നൈ നിവാസികൾക്കായി കമ്യൂണിറ്റി റേഡിയോ  
∙കോർപറേഷൻ സ്കൂളുകൾ രാജ്യാന്തര
 നിലവാരത്തിലേക്ക് ഉയർത്തും.
∙ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും.
∙മെട്രോ ഫീഡർ സർവീസുകൾ ഇലക്ട്രിക് വാഹനങ്ങളാക്കും.
∙ഗിണ്ടി, എഗ്‌മൂർ റെയിൽവേ സ്റ്റേഷനുകളും, സമീപ പ്രദേശങ്ങളിലും വികസന പദ്ധതികൾ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com