കോടമ്പാക്കത്തു നഷ്ടമായ ഓണം തിരുവനന്തപുരത്ത് ആഘോഷിച്ചു ഡബ്ബിങ് കലാകാരിയും നടിയുമായ ഭാഗ്യലക്ഷ്മി
Mail This Article
തിളങ്ങുന്നൊരു വെള്ളിനാണയം കയ്യിൽ വച്ചു കൊടുത്ത് എല്ലാ മലയാള ഉൽസവങ്ങളും ആഘോഷിക്കണമെന്നു ഭാഗ്യലക്ഷ്മിയോട് ആദ്യം പറഞ്ഞു കൊടുത്തതു മഹാനടൻ പ്രേംനസീറായിരുന്നു. കോടമ്പാക്കത്തെ വീട്ടിൽ വല്യമ്മയ്ക്കൊപ്പം വർഷങ്ങളോളം കഴിഞ്ഞിരുന്ന ഭാഗ്യലക്ഷ്മിക്കു പക്ഷേ, എപ്പോഴും ആ വാക്കു പാലിക്കാൻ പറ്റിയിരുന്നില്ല. വർഷങ്ങളായുള്ള തമിഴകവാസം കൊണ്ട് ദീപാവലിയും പൊങ്കലുമൊക്കെ ആ വീട്ടിൽ ആഘോഷങ്ങളായെത്തിയപ്പോൾ ഓണവും വിഷവും ഒച്ചപ്പാടുകളൊന്നുമുണ്ടാക്കാതെ കടന്നു പോയി; വർഷങ്ങളോളം. അങ്ങനെ പോരാ..
ഓണവും വിഷുമൊക്കെ ചെറുതായിട്ടെങ്കിലും ആഘോഷിക്കണമെന്നു പറഞ്ഞ് വിഷുക്കൈ നീട്ടം മുടങ്ങാതെ തന്നിരുന്ന പ്രേംനസീറിന്റെ മുഖം ഇന്നും ഭാഗ്യലക്ഷ്മിയുടെ മുന്നിലുണ്ട്. വിവാഹം കഴിഞ്ഞു കേരളത്തിലേക്കു വണ്ടി കയറിയപ്പോൾ മനസ്സിലുണ്ടായിരുന്ന ഒരു സന്തോഷം ഇനിയിപ്പോ ഈ ആഘോഷങ്ങളിലൊക്കെ കൂട്ടുകൂടാമല്ലോ എന്നായിരുന്നു. പക്ഷേ, അവിടെയും ഇതേകഥ തുടരുകയായിരുന്നു. പിന്നീട്, വർഷങ്ങൾ കഴിഞ്ഞ്, 40 വയസ്സിലേക്കു പടി ചവിട്ടിയ ശേഷമാണ് പണ്ടു നഷ്ടമായ ആഘോഷങ്ങളെല്ലാം തന്റെ ജീവിതത്തിലേക്കു തിരിച്ചു വന്നതെന്നു ഭാഗ്യലക്ഷ്മി പറയുന്നു. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ഓണക്കാലത്തു പൂക്കളമൊരുക്കും, സദ്യയുണ്ടാക്കും.
മക്കൾക്കൊപ്പമായിരുന്ന ആഘോഷത്തിലേക്കു കഴിഞ്ഞ വർഷം ഒരാൾക്കൂടിയെത്തി മരുമകളായല്ല മകളായി തന്നെ. ബന്ധുക്കളുടെ എണ്ണം കൂടിയതു കൊണ്ട് ഇപ്പോൾ ആഘോഷവും ഗംഭീരമാണ്. ഓണ വിഭവങ്ങളിൽ മാമ്പഴ പുളിശേരിയാണു ഭാഗ്യലക്ഷ്മിയുടെ ഇഷ്ട വിഭവമെങ്കിലും സ്വന്തം മാസ്റ്റർപീസ് വിഭവം സാമ്പാറാണ്. പിന്നെ നല്ല വള്ളുവനാടൻ ശൈലിയിൽ അവിയൽ, പാൽപായസം. വെജിറ്റേറിയൻ വിഭവങ്ങളുണ്ടാക്കാൻ മിടുമിടുക്കിയാണു ഭാഗ്യലക്ഷ്മിയെന്ന് അതു കഴിച്ചവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ ഓണം മരുമകളുടെ ശാസ്തമംഗലത്തെ വീട്ടിലാണ്. അവിടെയും തന്റെ പാചക സ്വരശുദ്ധി എല്ലാവർക്കുമായി വിളമ്പാൻ ഒരുങ്ങിയിരിക്കുകയാണു ഭാഗ്യലക്ഷ്മി.
സാമ്പാറിന് ഭാഗ്യം ടിപ്സ്
വീട്ടിൽ തന്നെ പൊടിച്ചുണ്ടാക്കിയ സാമ്പാർ പൊടി ഉപയോഗിച്ചാൽ തന്നെ സാമ്പാറിനു രുചി കൂടുമെന്നുറപ്പ്. പിന്നെ ഏറെ പച്ചക്കറി വെട്ടിയിടരുത്. മുരിങ്ങയ്ക്ക, തക്കാളി, വെള്ളരിക്ക, കത്രിക്ക ഇത്രയും മതി ഒരു നല്ല സാമ്പാറുണ്ടാക്കാൻ.