പടമില്ല; പകരം സ്നേഹം മാത്രം
Mail This Article
ചെന്നൈ ∙ ശ്രീലങ്കയിലേക്ക് അവശ്യസാധനങ്ങൾ അയയ്ക്കാൻ തമിഴ്നാടിനു കേന്ദ്രസർക്കാർ അനുമതി നൽകിയതിനു പിന്നാലെ സാധനങ്ങൾ തയാറായി. 80 കോടി ചെലവിൽ 40,000 ടൺ അരിയും 28 കോടിയുടെ മരുന്നുകളും 500 ടൺ പാൽപൊടിയും നൽകാനാണു തീരുമാനം. അണ്ണാഡിഎംകെ ഇതിനായി 50 ലക്ഷം രൂപയും ഡിഎംകെ എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും ഈ ഫണ്ടിലേക്കു കൈമാറിയിരുന്നു. നിലവിൽ അരി, പയറുവർഗങ്ങൾ, പാൽപൊടി എന്നിവയുൾപ്പെടെ അവശ്യവസ്തുക്കൾ ഉൾപ്പെടുത്തി കിറ്റ് തയാറാക്കി.
മുൻപു തമിഴ്നാട്ടിൽ ജനങ്ങൾക്കു വിതരണം ചെയ്തിരുന്ന വസ്തുക്കളിൽ മുഖ്യമന്ത്രിയുടെയും മറ്റു നേതാക്കളുടെയും ചിത്രങ്ങൾ പതിച്ചിരുന്നെങ്കിൽ ഡിഎംകെ അധികാരത്തിലെത്തിയ ശേഷം ഈ പതിവില്ല. ശ്രീലങ്കയിലേക്കുള്ള വസ്തുക്കൾ പാക്ക് ചെയ്ത തുണിസഞ്ചിയിൽ ‘തമിഴ്നാട്ടിലെ ജനങ്ങളിൽ നിന്നു സ്നേഹത്തോടെ’ എന്നും അതിനു താഴെയായി എം.കെ.സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രി എന്നു മാത്രമാണ് എഴുതിയിട്ടുള്ളത്. ശ്രീലങ്കയിലെ ഇന്ത്യൻ എംബസി വഴി ഈ സാധനങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്ക് വിതരണം ചെയ്യും.