മീൻ’പവർ
Mail This Article
ചെന്നൈ ∙ ട്രോളിങ് നിരോധനം അവസാനിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച കാശിമേട് മത്സ്യബന്ധന തുറമുഖത്ത് മീൻ വാങ്ങാൻ എത്തിയത് വൻ ജനക്കൂട്ടം. മത്സ്യപ്രിയരായ പതിനായിരക്കണക്കിന് ആളുകളാണ് ‘ഫ്രഷ്’ മീൻ വാങ്ങാൻ തുറമുഖത്തേക്ക് എത്തിയത്. 70% ബോട്ടുകൾ തിരികെ എത്തിയപ്പോൾ 10 ടണ്ണിലേറെ മത്സ്യം ലഭിച്ചതായി വ്യാപാരികൾ പറഞ്ഞു. മത്സ്യലഭ്യത കൂടിയതോടെ വിലയും കുറഞ്ഞിട്ടുണ്ട്.
കിലോയ്ക്ക് 1,600 രൂപയായിരുന്ന അയക്കൂറയുടെ വില 1,000 രൂപയിലെത്തി. ചെമ്മീൻ 350 രൂപയ്ക്കും നത്തോലി 250 രൂപയ്ക്കും ആവോലി 500 രൂപയ്ക്കുമാണ് വിൽപന നടന്നത്. യന്ത്രവൽകൃത ബോട്ടുകളിൽ ഉൾക്കടലിൽ മീൻപിടിക്കാൻ പോയവർ തിരികെ എത്തുന്നതോടെ വരും ദിവസങ്ങളിൽ മീൻ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും വ്യാപാരികൾ പറഞ്ഞു. കേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽ വന്നതിനാൽ കാശിമേടു നിന്നുള്ള മത്സ്യം കേരളത്തിലേക്ക് കൊണ്ടുപോകാനും തുടങ്ങിയിട്ടുണ്ട്.