ADVERTISEMENT

ചെന്നൈ ∙ ടി നഗർ ബസ് സ്റ്റാൻഡിൽ നിന്ന് മാമ്പലം റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഇനി രംഗനാഥൻ സ്ട്രീറ്റിലെയും മാർക്കറ്റ് റോഡിലെയും ഇടുങ്ങിയ തെരുവുകളിലൂടെ തിക്കിത്തിരക്കി നടക്കേണ്ട.     നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നു സബേർബൻ ട്രെയിനുകളിൽ മാമ്പലം സ്റ്റേഷനിലിറങ്ങി, തിരക്കേറിയ തെരുവുകളിലൂടെ നടന്ന് ടി നഗർ സ്റ്റാൻഡിലെത്തി ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള ബസിൽ കയറുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകുന്ന ആകാശ നടപ്പാതയുടെ നിർമാണം പൂർത്തിയായി. 

ടി നഗറിൽ ഷോപ്പിങ്ങിനെത്തുന്നവർക്കും പുതിയ നടപ്പാത ഉപയോഗപ്രദമാകും. രംഗനാഥൻ സ്ട്രീറ്റ്, മാഡ്‌ലി റോഡ്, മാർക്കറ്റ് റോഡ്, നടേശൻ സ്ട്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കു കുറയ്ക്കാനും ആകാശ നടപ്പാത സഹായിക്കും, അന്തിമ മിനുക്കു പണികൾ പൂർത്തിയാക്കി ഈ ആഴ്ച തന്നെ നടപ്പാത തുറന്നു കൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. 

4.2 മീറ്റർ വീതിയിൽ 570 മീറ്റർ ദൈർഘ്യമുള്ള പാത രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശ നടപ്പാതകളിലൊന്നാണ്. സ്മാർട് സിറ്റി പദ്ധതിക്കു കീഴിൽ 28.45 കോടി ചെലവിലാണ്  നിർമാണം. 15 മാസം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിൽ  ആരംഭിച്ചെങ്കിലും കോവിഡ് വ്യാപനം അടക്കമുള്ള കാരണങ്ങളാൽ പ്രവൃത്തികൾ നീണ്ടു പോകുകയായിരുന്നു. 

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ 29 സിസിടിവി ക്യാമറകളാണ് പാതയിൽ സ്ഥാപിച്ചിട്ടുള്ളത്. ടി നഗർ ബസ് സ്റ്റാൻഡിലേക്കും രംഗനാഥൻ സ്ട്രീറ്റിലേക്കുമായി 2 എസ്കലേറ്ററുകളും ഉസ്മാൻ ഭാഗത്തേക്കും രംഗനാഥൻ സ്ട്രീറ്റിലേക്കും പ്രവേശിക്കാൻ 2 ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 

  ഭിന്നശേഷിക്കാരുടെ ഉപയോഗത്തിനായി വീൽചെയറുകളും ലഭ്യമാക്കും. ഇരു ഭാഗത്തുമുള്ള പടിക്കെട്ടുകളും പ്രവേശന കവാടങ്ങളും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ചിത്രങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ സാധിക്കുമെന്നതും യാത്രക്കാർക്ക് ഉപകാരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com