മീൻ കിങ്ഡം കാണാം മറൈൻ കിങ്ഡത്തിൽ; കാൻഡിൽ ലൈറ്റ് ഡിന്നറിനും സൗകര്യം
Mail This Article
ചെന്നൈ ∙ വെള്ളത്തിലൂടെ ഊളിയിട്ട് താഴ്ന്നും പൊങ്ങിയും ഓടിനടക്കുന്ന ചെറുമീനുകൾ മുതൽ ആമസോൺ മഴക്കാടുകളിലെ മീനുകൾ വരെ നീന്തിത്തുടിക്കുന്ന അക്വേറിയം മുന്നിലെത്തിയാൽ എങ്ങനെയിരിക്കും. ഇത്തരത്തിൽ മീനുകളുടെയും അക്വേറിയത്തിന്റെയും സാമ്രാജ്യമാണ് ഇസിആറിലുള്ള മറൈൻ കിങ്ഡം. മീനുകളെയും വെള്ളത്തെയും ഇഷ്ടപ്പെടുന്നവർക്കും മീനുകളെ തലോടിയുള്ള നീന്തലിന്റെ സുഖം അനുഭവിക്കാൻ ആഗ്രഹിക്കുന്നവരുടെയും ഇഷ്ടയിടമായി മാറിക്കഴിഞ്ഞു ഇവിടം.
തെക്കേ അമേരിക്കയിലുള്ള ആമസോൺ മഴക്കാടുകളും വെള്ളത്തിനുള്ളിലെ ആഡംബര സൗകര്യങ്ങളും തന്നെയാണ് മറൈൻ കിങ്ഡത്തിലെ പ്രധാന ആകർഷണം. വലിയ നദികൾ, അരുവികൾ, തടാകങ്ങൾ ഉൾപ്പെടെ മഴക്കാടിലെ അതേ പ്രതീതി തന്നെയാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. ഭീമാകാരനായ അലിഗേറ്റർ ഗാർ, ക്രോമൈഡ്, സിച്ച്‌ലിഡ് തുടങ്ങിയ ഇനങ്ങൾ ഇവിടെ കാണാം. 110 വർഗങ്ങളിൽപെട്ട കണ്ടൽക്കാടുകൾ, തീരപ്രദേശങ്ങൾ എന്നിവയും കാണാം. പാറക്കെട്ടുകൾ, പുറ്റുകൾ തുടങ്ങി സാധാരണ തീരപ്രദേശത്തിന്റെ എല്ലാ പ്രത്യേകതകളും നിറഞ്ഞ രീതിയിലാണ് തീരപ്രദേശം സൃഷ്ടിച്ചിട്ടുള്ളത്.
മാലദ്വീപ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടിട്ടുള്ള വെള്ളത്തിനടിയിലെ സ്വീറ്റിൽ കടൽ ജന്തുക്കൾക്കു ചുറ്റുമിരുന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ദിവസം മുഴുവൻ ചെലവഴിക്കാൻ സാധിക്കുന്ന സംവിധാനവും മറൈൻ കിങ്ഡത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
3 വലിയ ജനാലകൾക്കുള്ളിലായി ആഡംബര ഫർണിച്ചറിലിരുന്ന് പുറത്തെ വിസ്മയകരമായ കാഴ്ചകൾ കണ്ട് ആസ്വദിക്കാം. ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾ അവിസ്മരണീയ അനുഭവമാക്കി മാറ്റാൻ ഇവിടെ തന്നെ കാൻഡിൽ ലൈറ്റ് ഡിന്നറും ഒരുക്കാം. രാവിലെ 9 മുതൽ രാത്രി 8 വരെയാണു സന്ദർശന സമയം. വിവിധ ഇനങ്ങൾക്കായി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. വിവരങ്ങൾക്ക് 89399 32222.