അടിച്ചുപൊളിക്കാൻ അർബൻ സ്ക്വയർ
Mail This Article
ചെന്നൈ ∙ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചും ഗെയിം കളിച്ചും കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം അടിച്ചുപൊളിക്കാവുന്ന നഗരത്തിലെ ഇടമാണ് അർബൻ സ്ക്വയർ. കത്തിപ്പാറ മേൽപാതയ്ക്കു കീഴിലെ വിശാലമായ സ്ഥലത്താണ് അർബൻ സ്ക്വയർ ഒരുക്കിയിരിക്കുന്നത്. പല കൈവഴികളായി പിരിഞ്ഞു പോകുന്ന മേൽപാതയ്ക്കു മുകളിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയും തൊട്ടടുത്ത് മെട്രോ ട്രെയിനുകൾ കുതിക്കുകയും ചെയ്യുമ്പോൾ അവയുടെ ചുവട്ടിൽ ഗെയിം സോണുകളുടെയും ഫുഡ് സ്ട്രീറ്റിന്റെയും നിറപ്പകിട്ടാർന്ന ലോകം നഗരവാസികളെ സ്വാഗതം ചെയ്യുന്നു.
രണ്ടു ഭാഗങ്ങളായാണ് അർബൻ സ്ക്വയർ. ഒരു ഭാഗത്ത് വാഹന പാർക്കിങ്, പുറമേ ഗെയിം സോൺ. റേസിങ്, ബോൾ ഗെയിം, റോളർ കോസ്റ്റർ, വെർച്വൽ റിയാലിറ്റി (വിആർ) അടിസ്ഥാനമാക്കിയുള്ളത് അടക്കം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഗെയിമുകൾ ലഭ്യമാണ്. ഫുഡ് കോർട്ട് ആണു മറ്റൊരു പ്രത്യേകത. സാധാരണ ഭക്ഷ്യ ഇനങ്ങൾ മുതൽ പീസ, ബർഗർ, മോമോസ്, സാൻഡ്‌വിച്ച്, കെഎഫ്സി അടക്കമുള്ള ഭക്ഷ്യയിനങ്ങൾ ലഭ്യമാണ്.
പ്രശസ്തമായ ചില ബ്രാൻഡുകളുടെ റസ്റ്ററന്റുകളുമുണ്ട്. ഗെയിം സോണിനും ഫുഡ് കോർട്ടിനും ഒത്ത നടുവിലായുള്ള വിശാലമായ പുൽത്തകടിയിൽ ചെറിയ കുട്ടികൾക്ക് ഓടിക്കളിക്കുകയും മറ്റുള്ളവർക്കു വിശ്രമിക്കുകയും ചെയ്യാം.വൃത്തിയുള്ള ശുചിമുറികൾ ഉള്ളതിനാൽ ബീച്ച് അടക്കമുള്ള പൊതു സ്ഥലങ്ങളിൽ പോയാൽ ഉണ്ടാകാറുള്ള പതിവ് ആ‘ശങ്ക’യും മനസ്സിൽ നിന്നു മാറ്റിനിർത്താം. രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന അർബൻ സ്ക്വയറിൽ പ്രവേശനം സൗജന്യമാണ്. ജിഎസ്ടി റോഡ് വഴിയും മെട്രോ ട്രെയിനിൽ ആലന്തൂരിൽ ഇറങ്ങിയും ഇവിടെയെത്താം.