മെട്രോ റെയിൽ രണ്ടാം ഘട്ടം: മെട്രോയിൽ കുതിക്കാം, കൂടുതൽ ഇടങ്ങളിലേക്ക്
Mail This Article
ചെന്നൈ ∙ മെട്രോ റെയിൽ രണ്ടാം ഘട്ടം പുതിയ പാതകളിലൂടെ കൂടുതൽ മേഖലകളിലേക്ക് എത്തുന്നു. നിർദിഷ്ട പരന്തൂർ വിമാനത്താവളത്തിലേക്കും കിലാമ്പാക്കം ബസ് ടെർമിനസിലേക്കുമാണു രണ്ടാം ഘട്ടം ദീർഘിപ്പിക്കുന്നത്. കൂട്ടിച്ചേർക്കാനുദ്ദേശിക്കുന്ന 93 കിലോമീറ്റർ പാതയുടെ വിശദമായ പദ്ധതിരേഖ രണ്ടാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാന സർക്കാരിനു സമർപ്പിക്കുമെന്നു മെട്രോ അധികൃതർ പറഞ്ഞു.
കിലാമ്പാക്കത്തേക്ക് 2 പാതകൾ
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന കിലാമ്പാക്കം ബസ് ടെർമിനസിലേക്കു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സിറുശേരിയിൽ നിന്നും മെട്രോ പാതകൾ നിർമിക്കാനാണ് പദ്ധതി. ആദ്യ ഘട്ട മെട്രോ അവസാനിക്കുന്ന ചെന്നൈ വിമാനത്താവളം സ്റ്റേഷനിൽ നിന്ന് താംബരം, വണ്ടല്ലൂർ വഴി കിലാമ്പാക്കത്തേക്കു 16 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ പാത നിർമിക്കുക. രണ്ടാം ഘട്ട മെട്രോ നിർമാണം നടക്കുന്ന ഒഎംആറിലെ സിറുശേരിയിൽ നിന്നാണ് പുതിയ ബസ് ടെർമിനസിലേക്കുള്ള രണ്ടാം പാത എത്തുന്നത്. 25 കിലോമീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.
നിലവിൽ കോയമ്പേടു നിന്ന് സർവീസ് നടത്തുന്ന ദീർഘദൂര ബസുകളും അന്തർ സംസ്ഥാന സർവീസുകളും പൂർണമായും കിലാമ്പാക്കത്തേക്കു മാറുന്നതോടെ നഗരത്തിന്റെ പ്രവേശന കവാടമായി ഇവിടം മാറും. സ്വകാര്യ ട്രാവൽസുകളടക്കം കിലാമ്പാക്കത്തേക്കു പ്രവർത്തനം മാറ്റുന്നതു നഗരത്തിൽ നിന്ന് ഇവിടേക്കുള്ള യാത്രാ തിരക്കും വർധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ചെന്നൈ നഗരത്തിൽ നിന്ന് കിലാമ്പാക്കത്തേക്കും തിരികെയും എത്തിപ്പെടാനുള്ള മാർഗങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ്, മെട്രോ പാത ഇവിടേക്കു ദീർഘിപ്പിക്കാനുള്ള തീരുമാനം.
പരന്തൂർ പാതയിലൂടെ കാഞ്ചീപുരത്തേക്കും
പൂനമല്ലി വരെ നീളുന്ന രണ്ടാം ഘട്ട മെട്രോ പാതയാണു 49 കിലോമീറ്റർ കൂടി ദീർഘിപ്പിച്ചു പരന്തൂരിലേക്കെത്തുന്നത്. നിർദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ സൗകര്യം ഒരുക്കുകയാണു ലക്ഷ്യമെങ്കിലും ശ്രീപെരുംപുത്തൂർ, കാഞ്ചീപുരം മേഖലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതിയായാണ് ഈ മെട്രോ പാതയെ കണക്കാക്കുന്നത്. നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പൂനമല്ലി – ശ്രീപെരുംപുത്തൂർ മേഖലയിൽ മെട്രോ എത്തുന്നത് ഇതുവഴിയുള്ള യാത്ര ആയാസരഹിതമാക്കും.
പരന്തൂരിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കാഞ്ചീപുരം നഗരത്തിനും പുതിയ പാത അനുഗ്രഹമാകും. പാത കാഞ്ചീപുരം വരെ നീട്ടണമെന്നും പൂനമല്ലി – പരന്തൂർ പാത എക്സ്പ്രസ് മെട്രോ ആക്കണമെന്നുമുള്ള നിർദേശങ്ങളും ഉയരുന്നുണ്ട്. ആർക്കോണം റെയിൽവേ സ്റ്റേഷനുമായി ഈ പാതയെ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച നിർദേശങ്ങളും അധികൃതരുടെ പരിഗണനയിലാണ്. മെട്രോ എത്തുന്നതു ശ്രീപെരുംപുത്തൂർ, കാഞ്ചീപുരം വ്യവസായ മേഖലയുടെ വികസനത്തിനും കുതിപ്പേകും. ചെന്നൈ – ബെംഗളൂരു ദേശീയപാതയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന മേഖലയിൽ മെട്രോയുടെ സാന്നിധ്യം പ്രദേശവാസികളുടെ യാത്രാ ദുരിതത്തിനും അറുതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.