ബസ് എപ്പോൾ വരുമെന്ന് ബോർഡ് പറയും
Mail This Article
ചെന്നൈ ∙ ബസുകളുടെ സമയക്രമത്തെക്കുറിച്ച് യാത്രക്കാർക്കു കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേ ബോർഡ് നഗരത്തിലെ ബസ് ടെർമിനസുകളിലും ബസ് സ്റ്റോപ്പുകളിലും സജ്ജീകരിക്കാൻ ഒരുക്കം. എഴുപതിലേറെ ടെർമിനസുകളിലും 500ലേറെ സ്റ്റോപ്പുകളിലും സംവിധാനം ഏർപ്പെടുത്താനാണു തീരുമാനിച്ചിട്ടുള്ളത്. ബസുകൾ എപ്പോൾ വരുമെന്നോ പോകുമെന്നോ കൃത്യമായ ധാരണയില്ലാതെ കാത്തുനിന്നു മുഷിയുന്ന യാത്രക്കാർക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.
സബേർബൻ ടിക്കറ്റിന്റെ സമയപരിധി നീട്ടുമോ?
സബേർബൻ ട്രെയിൻ ടിക്കറ്റുകൾ ഉപയോഗിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്നു ദക്ഷിണ റെയിൽവേയോട് ആവശ്യപ്പെട്ട് ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി. നിലവിൽ, ടിക്കറ്റ് എടുത്ത് ഒരു മണിക്കൂറിനകം യാത്ര ചെയ്യണമെന്നാണ് നിയമം. എന്നാൽ മെട്രോ, സബേർബൻ ട്രെയിനുകൾ, എംടിസി ബസുകൾ എന്നിവയിൽ യാത്ര ചെയ്യുന്നതിന് ഒറ്റ ടിക്കറ്റ് ഏർപ്പെടുത്തണമെങ്കിൽ നിലവിലെ സമയപരിധി തടസ്സമാകുമെന്നാണ് അതോറിറ്റിയുടെ അഭിപ്രായം. നഗരത്തിലെ ഗതാഗത രീതികൾ സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഒറ്റ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
‘ചെന്നൈ ബസ്’ ആപ് വഴിയും അറിയാം
നഗരയാത്രയ്ക്ക് സബേർബൻ, മെട്രോ ട്രെയിനുകൾ എന്നിവ ലഭ്യമാണെങ്കിലും ഒട്ടേറെപ്പേർ ബസുകളിൽ ദിവസേന യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ബസിന്റെ സമയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതു പലപ്പോഴും വെല്ലുവിളിയാണ്. ബസ് ഉടൻ വരുമെന്നു കരുതി ചിലപ്പോൾ ഏറെ നേരം കാത്തുനിൽക്കേണ്ടി വരാറുണ്ട്. സ്ഥിരമായി ബസിൽ യാത്ര ചെയ്യാത്തവരാണ് ഈ പ്രശ്നം അനുഭവിക്കുന്നവരിലേറെയും. ഇതിനെല്ലാമുള്ള പരിഹാരമായി പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേ ബോർഡ് മാറും.
ബസുകൾ എവിടെയെത്തിയെന്നും നിർദിഷ്ട സ്റ്റോപ്പിലോ ടെർമിനസിലോ എപ്പോൾ വരുമെന്നുമുള്ള വിവരങ്ങൾ ബോർഡിൽ പ്രദർശിപ്പിക്കും. 71 ടെർമിനസുകളിലും 532 സ്റ്റോപ്പുകളിലും ഇവ സ്ഥാപിക്കുമെന്നാണു വിവരം. ബസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന് ‘ചെന്നൈ ബസ്’ എന്ന മൊബൈൽ ആപ്പും നിലവിലുണ്ട്. 4 ലക്ഷത്തിലേറെ പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ ആപ് ഉപയോഗിക്കാത്ത വലിയൊരു വിഭാഗം യാത്രക്കാർ ഉള്ളതിനാലാണ് പുതിയ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ചെന്നൈ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്.