ADVERTISEMENT

ചെന്നൈ ∙ വനംകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനെന്ന പേരിൽ നടത്തിയ പരിശോധനയ്ക്കിടെ 18 ആദിവാസി യുവതികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 215 പേർ കുറ്റക്കാരാണെന്ന ധർമപുരി ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. പ്രതികളുടെ ഹർജി തള്ളിയ ജസ്റ്റിസ് പി.വേൽമുരുകൻ അതിക്രമത്തെ അതിജീവിച്ച 18 സ്ത്രീകൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഇതിൽ 5 ലക്ഷം രൂപ പ്രതികളിൽ നിന്ന് ഇടാക്കണമെന്നും ബാക്കി തുക സർക്കാർ നൽകണമെന്നും കോടതി വിധിച്ചു.

1992 ജൂൺ 20ന് 155 വനംവകുപ്പ് ഉദ്യോഗസ്ഥരും 108 പൊലീസുകാരും 6 റവന്യു ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്തസംഘമാണ് ചന്ദനക്കടത്ത് പിടികൂടാനെന്ന പേരിൽ ധർമപുരി ജില്ലയിലെ വച്ചതി മേഖലയിലെത്തിയത്. റെയ്ഡിനിടെ ഗ്രാമവാസികളെ ക്രൂരമായി ആക്രമിക്കുകയും 18 മലയോര സ്ത്രീകളെ പീഡിപ്പിക്കുകയും അവരുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ആരോപണം ഉയർന്നു. പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ച ശേഷമാണ് കേസെടുത്തത്.

എന്നാൽ, ശരിയായ അന്വേഷണം നടന്നില്ലെന്നും സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് അതിക്രമത്തെ അതിജീവിച്ച സ്ത്രീകൾ 1993ൽ ഹൈക്കോടതിയെ സമീപിച്ചു. ഇതേത്തുടർന്ന് 1995 ഫെബ്രുവരി 24ന് കേസ് സിബിഐക്ക് വിട്ടു.സിബിഐ അന്വേഷണത്തിൽ വനംവകുപ്പിലെ 155 പേരും പൊലീസിലെ 108 പേരും റവന്യു വകുപ്പിലെ 6 പേരും ഉൾപ്പെടെ 269 പേരെ അറസ്റ്റ് ചെയ്തു. പിന്നീട് 1996ൽ കോയമ്പത്തൂർ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് കോയമ്പത്തൂർ, കൃഷ്ണഗിരി കോടതികളിൽ വിചാരണ നടന്ന കേസ് 2008ൽ ധർമപുരി ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി.

കേസ് പരിഗണിച്ച ധർമപുരി ജില്ലാ പ്രൈമറി സെഷൻസ് കോടതി ജഡ്ജി കുമാരഗുരു 2011 സെപ്റ്റംബറിൽ വിധി പറഞ്ഞു. മറ്റുള്ളവർ അതിനകം മരിച്ചതിനാൽ, വിധി ദിനത്തിൽ 215 പേരാണ് ശിക്ഷിക്കപ്പെട്ടത്.  ഇതിൽ 12 പേർക്ക് 10 വർഷം തടവും 5 പേർക്ക് 7 വർഷം തടവും ബാക്കിയുള്ളവർക്ക് 1 മുതൽ 3 വർഷം വരെ തടവും വിധിച്ചു. രാജ്യത്ത് ഒരു കേസിൽ ഏറ്റവും കൂടുതൽ പേർ ശിക്ഷിക്കപ്പെട്ട കേസുകളിൽ ഒന്നായതിനാൽ ഈ വിധി രാജ്യത്തുടനീളം ചർച്ചാ വിഷയമായിരുന്നു. ശിക്ഷക്കെതിരെ പ്രതികൾ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ അപ്പീലാണിപ്പോൾ  തള്ളിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com