മരപ്പാലം ബസ് അപകടം: മരണം ഒൻപതായി
Mail This Article
ഊട്ടി ∙ കൂനൂർ– മേട്ടുപ്പാളയം ദേശീയപാതയിൽ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഇന്നലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 9 ആയി. ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ ബസിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ പത്മറാണിയുടെ (55) മൃതദേഹമാണ് ഇന്നലെ കണ്ടെത്തി പുറത്തെത്തിച്ചത്. 60 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
പരുക്കേറ്റ 2 പേർ ഊട്ടി മെഡിക്കൽ കോളജിലും 2 പേർ കോയമ്പത്തൂർ മെഡിക്കൽ കോളജിലും 32 പേർ കൂനൂർ താലൂക്കാശുപത്രിയിലും ചികിത്സയിലാണ്. തെങ്കാശിക്കു സമീപമുള്ള കടയം ആൾവാർക്കുറിച്ചി ഗ്രാമത്തിൽ നിന്നും സമീപത്തു നിന്നുമായി തിരുവനന്തപുരം, ചോറ്റാനിക്കര, ഗുരുവായൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം, ഊട്ടിയിലെത്തി മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്.
കോയമ്പത്തൂരിലെ മരുതമലൈ മുരുകൻ കോവിൽ ദർശനം നടത്തി നാട്ടിലേക്കു മടങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മരപ്പാലത്തിനു സമീപമുള്ള വളവിൽ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ചെറിയ മരത്തിൽ തങ്ങിനിന്നില്ലായിരുന്നുവെങ്കിൽ 200 അടി താഴ്ചയിലേക്കു പതിക്കുമായിരുന്നു. മലയോര മേഖലയിൽ ബസ് ഓടിച്ച് പരിചയമില്ലാത്ത ഡ്രൈവറായിരുന്നുവെന്ന് പറയുന്നു. ഇയാൾ ഒളിവിലാണ്. ബസിലെ മറ്റൊരു ഡ്രൈവർ പരുക്കേറ്റ് ചികിത്സയിലാണ്. ചികിത്സയിലുള്ളവരെ മന്ത്രിമാർ സന്ദർശിച്ചു. ഇവർക്ക് സർക്കാർ പ്രഖ്യാപിച്ച 50,000 രൂപയുടെ സഹായധനം വിതരണം ചെയ്തു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ജില്ലാ ഭരണകൂടം സൗകര്യമൊരുക്കി. പരുക്കേറ്റവരെയും നാട്ടിലെത്തിക്കും.