ADVERTISEMENT

ചെന്നൈ ∙ വസ്ത്രധാരണത്തിന്റെ പേരിൽ ഇപ്പോഴും വിലയിരുത്തപ്പെടുന്നുണ്ടെന്നും തുറിച്ചുനോട്ടം നേരിടേണ്ടി വരുന്നുണ്ടെന്നും നഗരവാസികളായ സ്ത്രീകൾ. പലയിടത്തും രാത്രി പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇവർ പറയുന്നു.  വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകിയ വിവരങ്ങളും കുറ്റകൃത്യങ്ങൾ സംബന്ധിച്ച പൊലീസ് രേഖകളും പ്രത്യേക സംഘം നടത്തിയ വിവര ശേഖരണവും ക്രോഡീകരിച്ച് ‘അവതാർ’ ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണു പരാമർശങ്ങൾ.  അതേസമയം, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ ചെന്നൈക്കാണ് ഒന്നാം സ്ഥാനം. പട്ടികയിൽ ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള വലിയ നഗരങ്ങളുടെ ഗണത്തിലാണ് ചെന്നൈ ഒന്നാമതെത്തിയത്.

ഒരു ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള സുരക്ഷിത നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തി. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയും വെല്ലൂരുമാണ് ഈ ഗണത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.  ബെംഗളൂരു, പുണെ, മുംബൈ, ഹൈദരാബാദ് എന്നിവയാണ് ചെന്നൈക്കു പിന്നിൽ ആദ്യ 5 സ്ഥാനങ്ങളിലെത്തിയ വലിയ നഗരങ്ങൾ. 49 വലിയ നഗരങ്ങളും 64 ചെറിയ നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ സാമൂഹികാംഗീകാരം, വ്യാവസായിക മേഖലയിലെ ഉൾക്കൊള്ളൽ, വ്യക്തിപരമായ അനുഭവങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ ആസ്പദമാക്കിയാണ് വിലയിരുത്തൽ നടത്തിയത്. 

സുരക്ഷിതമായ ചെറിയ നഗരങ്ങളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ എട്ടും നേടിയത് ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. വലിയ നഗരങ്ങളുടെ പട്ടികയിൽ ചെന്നൈക്കു പുറമേ കോയമ്പത്തൂരും ആദ്യ പത്തിൽ ഇടംപിടിച്ചു. രണ്ടു വിഭാഗങ്ങളിലുമായി 7 തമിഴ്നാട് നഗരങ്ങൾ പട്ടികയിൽ ഇടം കണ്ടെത്തി. സർവേയിൽ പ്രതികരിച്ച 32% സ്തീകളാണ് രാത്രി 8നു ശേഷം തങ്ങളുടെ നഗരങ്ങളിൽ പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നു പറഞ്ഞത്. വസ്ത്രധാരണത്തിന്റെ പേരിൽ വിലയിരുത്തപ്പെടുന്നതായി സർവേയിൽ പങ്കെടുത്ത 31% പേർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com