കടൽ കടന്നും ജല്ലിക്കെട്ട്; ഇന്ന് പോര് ശ്രീലങ്കയിൽ
Mail This Article
ചെന്നൈ ∙ രാജ്യാന്തര അതിർത്തികൾ കടന്ന് ജല്ലിക്കെട്ടിന്റെ ആവേശവും വീര്യവും ശ്രീലങ്കയിലേക്ക്. തമിഴ്നാട് ശിവഗംഗയിൽ വേരുകളുള്ള ജല്ലിക്കെട്ട് പ്രേമിയായ കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തൊണ്ടമാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജല്ലിക്കെട്ടാണ് ഇന്നു നടക്കുക. ഇതിനായി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പുതുക്കോട്ട, തഞ്ചാവൂർ, ശിവഗംഗ എന്നിവിടങ്ങളിൽ നിന്നുള്ള അൽപതിലേറെപ്പേർ ശ്രീലങ്കയിലെത്തി.
കിഴക്കൻ പ്രവിശ്യയിലെ അമ്പാറ ജില്ലയിലാണ് മത്സരം അരങ്ങേറുക. ജല്ലിക്കെട്ടിനുള്ള നാടൻ ഇനം കാളകളെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ട്രിങ്കോമാലി ഉൾപ്പെടുന്ന കിഴക്കൻ പ്രവശ്യയിലെ അയൽ ജില്ലകളിൽ നിന്നുള്ളവർ അടക്കം ഇന്ന് അമ്പാറയിൽ നടക്കുന്ന പരിപാടിയിൽ കാഴ്ചക്കാരായെത്തും. എല്ലാ വർഷവും, പ്രത്യേകിച്ച് പൊങ്കൽ കാലത്ത് ശിവഗംഗയിലെ തന്റെ കുടുംബസ്ഥലത്തെത്തുന്ന സെന്തിൽ തൊണ്ടമാൻ ജല്ലിക്കെട്ട് മത്സരവിജയികൾക്കായി വമ്പൻ സമ്മാനങ്ങളും പ്രഖ്യാപിക്കാറുണ്ട്.