ADVERTISEMENT

ചെന്നൈ ∙ മെട്രോ യാത്രകൾക്കുള്ള ടിക്കറ്റെടുക്കാൻ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനുകളുമായി ചേർന്ന് അധികസൗകര്യങ്ങൾ ഒരുക്കി സിഎംആർഎൽ. റാപിഡോ, നമ്മ യാത്രി, റെഡ് ബസ് തുടങ്ങിയ സ്വകാര്യ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യമാണ് (ഓപ്പൺ നെറ്റ്‌വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ്– ഒഎൻഡിസി) ഏറ്റവും പുതിയതായി ഏർപ്പെടുത്തിയത്. മെട്രോ ട്രാവൽ കാർഡ്, എൻസിഎംസി സിങ്കാര ചെന്നൈ കാർഡ്, വാട്സാപ്, ഫോൺപേ, പേയ്ടിഎം ക്യുആർ കോഡുകൾ തുടങ്ങിയവ വഴി ടിക്കറ്റുകളെടുക്കാനുള്ള സംവിധാനങ്ങൾക്കു പുറമേയാണിത്.

ഇതോടെ, ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാകുന്ന രാജ്യത്തെ ആദ്യ മെട്രോയായി ചെന്നൈ മാറി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എം.എ.സിദ്ദിഖ് പദ്ധതി ഉദ്ഘാടനം ചെയ്തു. വിവിധ യാത്രാ മാർഗങ്ങൾ ഉപയോഗിക്കുന്നവർക്ക് ടിക്കറ്റുകളെടുക്കുന്നത് അനായാസമാക്കാനും വാഹനങ്ങൾക്കായി കാത്തുനിൽക്കുന്നത് ഒഴിവാക്കാനും പുതിയ സംവിധാനം സഹായിക്കും. ചെന്നൈ മെട്രോയ്ക്ക് പിന്നാലെ കൊച്ചി, കാൻപുർ, പുണെ മെട്രോകളും ഒഎൻഡിസി നെറ്റ്‌വർക്കിൽ ചേരാനുള്ള തയാറെടുപ്പിലാണ്. നഗരഗതാഗതം കൂടുതൽ ആയാസരഹിതമാക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം സഹായകമാകും.

എഗ്‌മൂർ മെട്രോ പാർക്കിങ് സംവിധാനത്തിൽ മാറ്റം
എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാർക്കിങ്ങിൽ മാറ്റം ‌വരുത്തിയതായി സിഎംആർഎൽ അറിയിച്ചു.എഗ്‌മൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് ഓഫിസിനു സമീപത്തേക്കാണ് പാർക്കിങ് മാറ്റുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് പാർക്കിങ് ഇങ്ങോട്ടു മാറ്റുന്നതെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനം തിങ്കളാഴ്ച പ്രവർത്തനക്ഷമമാകും.

സംഗീത പരിപാടിക്കെത്താൻ മെട്രോയിൽ സൗജന്യയാത്ര
ഇന്ന് വൈകിട്ട് നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന സംഗീത പരിപാടിക്ക് എത്തുന്നവർക്ക് മെട്രോയിൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കും. സംഗീതനിശയുടെ സംഘാടകരും സിഎംആർഎല്ലും ഇതു സംബന്ധിച്ച ധാരണയിലെത്തി. സംഗീത പരിപാടിക്കായി ടിക്കറ്റെടുത്തിട്ടുള്ള എല്ലാവർക്കും സംഘാടകർ സൗജന്യ മെട്രോ ടിക്കറ്റ് വിതരണം ചെയ്യും. തങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷൻ മുതൽ നന്ദനം മെട്രോ വരെയും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗകര്യം ഒരുക്കുന്നത്. വൻ ജനക്കൂട്ടമെത്തുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നവർക്കു സമാനമായ യാത്രാ സൗജന്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ചെന്നൈ മെട്രോയെ സമീപിക്കാമെന്ന് സിഎംആർഎൽ അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com