എൽടിടിഇ ബന്ധം എൻടികെ പ്രവർത്തകരുടെ വീടുകളിലും ഓഫിസുകളിലും എൻഐഎ റെയ്ഡ്
Mail This Article
ചെന്നൈ ∙ എൽടിടിഇയുടെ അനുഭാവികളുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന നാം തമിഴർ കക്ഷി (എൻടികെ) പ്രവർത്തകരുടെ വീടുകളിലും ഓഫിസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. സേലം ഓമല്ലൂരിൽ 2 ബിരുദ വിദ്യാർഥികളുടെ വീടുകളിൽ നിന്ന് ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ടാണു പരിശോധന. ഇരുവരെയും തോക്ക് നിർമിക്കാൻ സഹായിച്ച കബിലനെ (25) അന്വേഷണസംഘം പിടികൂടിയിരുന്നു. കേസ് ഏറ്റെടുത്ത എൻഐഎ 3 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എൽടിടിഇ മാതൃകയിൽ വേൾഡ് തമിഴ് ജസ്റ്റിസ് കോർട്ട് എന്ന സംഘടന ഇവർ രൂപീകരിച്ചതായും എൻഐഎ കണ്ടെത്തി.
ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുച്ചിറപ്പള്ളി, ശിവഗംഗ, കോയമ്പത്തൂർ, ചെന്നൈ, തെങ്കാശി ഉൾപ്പെടെയുള്ള മേഖലകളിലാണു പരിശോധന നടന്നത്. പുലർച്ചെ ആരംഭിച്ച തിരച്ചിൽ രാവിലെ ഒൻപതോടെ പൂർത്തിയാക്കി. ലാപ്ടോപ്, മൊബൈൽ ഫോൺ, 8 സിം കാർഡുകൾ, 4 പെൻഡ്രൈവ് തുടങ്ങിയവ കൂടാതെ എൽടിടിഇ അനുകൂല ലഘുലേഖകളും പിടിച്ചെടുത്തു. വിദേശത്തു നിന്നുൾപ്പെടെ ഫണ്ട് എത്തിയത് സംബന്ധിച്ചും എൻഐഎ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പരിശോധനാ ചട്ടങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് എൻടികെ ഹൈക്കോടതിയെ സമീപിച്ചു.