ലോക്സഭാ തിരഞ്ഞെടുപ്പ്: വിധിയെഴുതി തമിഴകം; 72.09% പോളിങ്
Mail This Article
ചെന്നൈ ∙ പതിഞ്ഞ താളത്തിൽ തുടങ്ങി ആവേശത്തോടെ കൊട്ടിക്കയറുന്ന പൂരാവേശം പോലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ വോട്ടെടുപ്പു പൂർത്തിയായി. ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ തമിഴകത്തിന്റെ മനസ്സറിയാം. ആകെയുള്ള 6.23 കോടി വോട്ടർമാരിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 72.09% പേർ വോട്ടു ചെയ്തു. കഴിഞ്ഞ തവണ 72.47 ശതമാനമായിരുന്നു പോളിങ്. കൃത്യമായ പോളിങ് നിരക്ക് ഇന്ന് ഉച്ചയോടെ പുറത്തു വിടുമെന്നു മുഖ്യ തിരഞ്ഞെടുപ്പു ഓഫിസർ സത്യബ്രത സാഹു പറഞ്ഞു.
അന്തിമ കണക്ക് എത്തുമ്പോൾ കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനം ഉയരാനും സാധ്യതയേറി. ചെന്നൈ നഗരത്തിലെ 3 മണ്ഡലങ്ങളും കുറഞ്ഞ പോളിങ് നിരക്കോടെ നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുത്തി. കള്ളക്കുറിച്ചി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് (75.67%).
കാര്യമായ അക്രമ സംഭവങ്ങളില്ലെങ്കിലും വോട്ടെടുപ്പിനായി വരി നിൽക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടായ 3 പേർ മരിച്ചു. സേലം പഴയ സൂറമംഗലം സ്വദേശി പളനിസ്വാമി (65), ആത്തൂർ സ്വദേശി ചിന്നപ്പൊണ്ണ് (77), തിരുത്തണി നെമിലി ഗ്രാമത്തിലെ കനകരാജ് (59) എന്നിവരാണു മരിച്ചത്. ശാരീരിക വൈകല്യമുള്ള ചിന്നപ്പൊണ്ണ് ചക്രക്കസേരയിലെത്തി വോട്ടു ചെയ്യാൻ കാത്തിരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. സൂര്യാതപമേറ്റതാണ് മരണകാരണമെന്നതാണു സംശയം. 3 പേർ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് ഓഫിസർ റിപ്പോർട്ട് തേടി.
തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണു നടന്നത്. പുതുച്ചേരിയിലെ ഏക സീറ്റിലേക്കുള്ള വോട്ടെടുപ്പിൽ 78% പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 81.19 ശതമാനമായിരുന്നു പോളിങ്. കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണി രാജിവച്ചതോടെ ഒഴിവു വന്ന കന്യാകുമാരി വിളവങ്കോട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും പൂർത്തിയായി.