വനിതാ പൊലീസ് അകമ്പടിയിൽ യുട്യൂബർ സവുക്ക് കോടതിയിൽ
Mail This Article
ചെന്നൈ ∙ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കേസിൽ അറസ്റ്റിലായ യുട്യൂബർ സവുക്ക് ശങ്കറെ കോടതിയിൽ ഹാജരാക്കിയത് വനിതാ പൊലീസുകാരുടെ വൻ സംഘത്തിന്റെ അകമ്പടിയോടെ.സവുക്ക് ശങ്കറിനെ എത്തിക്കുന്ന വിവരമറിഞ്ഞ് കോടതി പരിസരത്ത് എത്തിയ വനിതകൾ ചൂലുമായി ഇയാൾക്കെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു.തിരുച്ചിറപ്പള്ളിയിലെ കോടതി സമുച്ചയത്തിൽ നൂറിലധികം വനിതാ പൊലീസുകാരുടെ സുരക്ഷയും ഒരുക്കിയിരുന്നു.കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ വാനിൽ വനിതാ പൊലീസുകാർ മർദിച്ചതായി സവുക്ക് ശങ്കർ കോടതിയിൽ ആരോപിച്ചു.ഇതേത്തുടർന്ന് വൈദ്യ പരിശോധനയ്ക്കു വിധേയനാക്കാൻ കോടതി ഉത്തരവിട്ടു.കേസിൽ കൂടുതൽ ചോദ്യം ചെയ്യാൻ 7 ദിവസം സവുക്ക് ശങ്കറിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
വനിതാ കമ്മിഷനിൽ പരാതി പ്രവാഹം
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപമാനിച്ച സവുക്ക് ശങ്കറിനെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകാൻ പൊലീസ് ഉദ്യോഗസ്ഥരുടെ നീണ്ട നിര.കഴിഞ്ഞ 5 ദിവസത്തിനിടെ 17 വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഒരു സാമൂഹിക പ്രവർത്തകനുമാണ് വനിതാ കമ്മിഷനെ സമീപിച്ചത്. ഇന്നലെ ഒരു വനിതാ പൊലീസ് ഇൻസ്പെക്ടറും 3 കോൺസ്റ്റബിൾമാരും പരാതി നൽകി.
വീണ്ടും കേസെടുത്ത് കോയമ്പത്തൂർ പൊലീസ്
ഇരു സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിന് മറ്റൊരു കേസുകൂടി കോയമ്പത്തൂർ പൊലീസ് ഇന്നലെ സവുക്ക് ശങ്കറിനെതിരെ റജിസ്റ്റർ ചെയ്തു. ഇതോടെ ഇയാൾക്കെതിരെയുള്ള കേസുകളുടെ എണ്ണം 9 ആയി.
സ്വാതന്ത്ര്യ സമര സേനാനിയും തേവർ സമുദായ നേതാവുമായിരുന്ന മുത്തുരാമലിംഗ തേവർക്കെതിരെ യുട്യൂബിൽ നടത്തിയ പരാമർശങ്ങളാണ് പുതിയ കേസിന് ആധാരം. വനിതാ പൊലീസിനെ അപമാനിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും കിലാമ്പാക്കം ബസ് ടെർമിനസ് നിർമാണവുമായി ബന്ധപ്പെട്ട സിഎംഡിഎയുടെ പേരിൽ വ്യാജരേഖ ചമച്ചതിനും ഉൾപ്പെടെ 8 കേസുകളാണ് ഇതുവരെ സവുക്ക് ശങ്കറിനെതിരെ ചുമത്തിയിരുന്നത്.