ADVERTISEMENT

ചെന്നൈ ∙ മധുരവും പൂക്കളും നൽകി നാളെ കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി വിദ്യാലയങ്ങൾ. പുത്തനുടുപ്പുകളണിഞ്ഞ് ആദ്യമായി സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ അലങ്കരിച്ചും സമ്മാനപ്പൊതികൾ ഒരുക്കിയും അധ്യാപകർ തയാറായി. പുതിയ അധ്യയന വർഷത്തിൽ വ്യത്യസ്തമായ പാഠ്യേതര പ്രവർത്തനങ്ങളും മിക്ക സ്കൂളുകളിലും നടപ്പാക്കുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു നഗരത്തിലെ മലയാളി വിദ്യാലയങ്ങളിൽ ഒട്ടേറെ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

മലയാള പഠനത്തിന്റെ  കൈപിടിച്ച് യുസിസി കൈരളി
പാടി യുസിസി കൈരളി മെട്രിക്കുലേഷൻ സ്കൂളിൽ ഈ വർഷം മുതൽ മലയാളം മിഷന്റെ പാഠപുസ്തകങ്ങൾ പഠിപ്പിക്കും. മലയാള പഠനത്തിനായി കേരളത്തിലെ പാഠപുസ്തകങ്ങൾ എത്തിച്ച് പ്രത്യേക ക്ലാസാണു നടത്തി വന്നിരുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ മലയാളം മിഷൻ പുസ്തകം പഠിപ്പിക്കാൻ  തീരുമാനിക്കുകയായിരുന്നു. ഭാഷ പഠിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഇതോടൊപ്പം കേരളത്തിലെ പാഠപുസ്തകങ്ങളും പഠിപ്പിക്കാൻ പദ്ധതിയുണ്ടെന്നു സ്കൂൾ സെക്രട്ടറി മോഹനൻ നായർ പറഞ്ഞു. പ്രവേശനോത്സവവും ഒരുക്കിയിട്ടുണ്ട്. വ്യവസായി സുഗന്ധ് ജയരാമൻ മുഖ്യാതിഥിയാകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര പലഹാരങ്ങളും വിതരണം ചെയ്യും. മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

മലയാള വിദ്യാലയത്തിൽ ശിങ്കാരിമേളം 
പുതിയ അധ്യയന വർഷം ആരംഭിക്കുന്ന നാളെ വനിതകളുടെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാകും വിദ്യാർഥികളെ സ്കൂളിലേക്ക് ആനയിക്കുകയെന്ന് പ്രൈമറി വിഭാഗം പ്രധാനാധ്യാപകൻ എസ്.ശ്രീകുമാർ പറഞ്ഞു. കുട്ടികളെ എതിരേൽക്കാൻ വിവിധ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ച ആളുകൾ അണിനിരക്കും. അധ്യാപകർ കേരള വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾക്ക് പൂക്കൾ നൽകി സ്വാഗതം ചെയ്യും. പ്രവേശനോത്സവച്ചടങ്ങിൽ നോർക്ക സ്പെഷൽ ഓഫിസർ അനു പി.ചാക്കോ മുഖ്യാതിഥിയാകും. 

സമ്മാനപ്പൊതികളൊരുക്കി കേരള വിദ്യാലയം
ഒന്നാം ക്ലാസിലേക്കെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും സമ്മാനപ്പൊതികളാണ് കേരള വിദ്യാലയം പ്രൈമറി സ്കൂളിലെ അധ്യാപകർ കാത്തു വച്ചിരിക്കുന്നത്. പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച ക്ലാസ് മുറികളിലായിരിക്കും ആദ്യ ദിനത്തിലെ പഠനം. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവ ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാക്ഷേത്രത്തിൽ തൊപ്പി നൽകി സ്വീകരണം
ആദ്യമായി സ്കൂളിലെത്തുന്ന കുരുന്നുകളെ അണിയിക്കാൻ പ്രത്യേക തൊപ്പികളാണ് വിദ്യാക്ഷേത്രം മെട്രിക്കുലേഷൻ സ്കൂളിൽ തയാറാക്കിയിരിക്കുന്നത്. ബലൂണുകളും പൂക്കളുമെല്ലാം ഉപയോഗിച്ച് സ്കൂളും പരിസരവും പ്രത്യേകമായി അലങ്കരിച്ചിട്ടുമുണ്ട്. ആദ്യ ദിനം സ്കൂളിലേക്കെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ മാനേജ്മെന്റ് പ്രതിനിധികളും എത്തും. പ്രവേശനോത്സവ ചടങ്ങിൽ മുതിർന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

എംഇഎസ് റസീനയിൽ വിദ്യാഭ്യാസ പ്രദർശനം
ആദ്യമായി സ്കൂളിലെത്തുന്ന കുരുന്നുകളെ മധുരം നൽകി സ്വീകരിക്കുന്ന എംഇഎസ് റസീന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ വിപുലമായ വിദ്യാഭ്യാസ പ്രദർശനമാണ് ആസൂത്രണം ചെയ്യുന്നത്. നവംബറിൽ പരിപാടി നടത്താനാണ് പദ്ധതി. വിവിധ ഭാഷകളും സ്കൂളിൽ പഠിപ്പിക്കുന്ന മറ്റു വിഷയങ്ങൾ സംബന്ധിച്ച പ്രോജക്ടുകളും അവയുടെ ചരിത്രവും പ്രത്യേകതകളും അവതരിപ്പിക്കുന്ന ചാർട്ടുകളും മാതൃകകളും പ്രദർശനത്തിൽ ഉണ്ടാകും. പ്രദർശനം കാണാൻ മറ്റ് സ്കൂളുകളിലെ വിദ്യാർഥികൾക്കും അവസരമുണ്ടാകും.

ആദ്യ ദിവസം ചക്കരപ്പൊങ്കൽ 
വേനലവധിക്കു ശേഷം സ്കൂളിലെത്തുന്ന ആദ്യ ദിവസം വിദ്യാർഥികൾക്ക് ചക്കരപൊങ്കൽ വിതരണം ചെയ്യും. മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മദിനമായ ജൂൺ 3ന് സ്കൂളുകളിൽ പൊങ്കൽ വിതരണം ചെയ്യാറുണ്ട്. ഇത്തവണ സ്കൂൾ തുറക്കുന്നത് വൈകിയതിനാലാണ് അധ്യയന വർഷത്തിന്റെ ആദ്യ ദിനം മധുരം വിതരണം ചെയ്യുന്നത്. ചക്കരപൊങ്കൽ തയാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് സാമൂഹിക ക്ഷേമ വകുപ്പ് നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com